ചഹാലിനെതിരായ ജാതി അധിക്ഷേപം; യുവരാജ് മാപ്പു പറഞ്ഞു

yuvraj-chahal

ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ മുൻ താരം യുവരാജ് സിംഗ് മാപ്പു പറഞ്ഞു. ഒരു വിവേചനവുമില്ലാതെ ബഹുമാനിക്കുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്ന് യുവി ട്വിറ്ററിൽ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ താൻ ക്ഷമ ചോദിക്കുന്നു എന്നും യുവി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. നേരത്തെ, ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് യുവിയുടെ വിവാദ പരാമർശം.

‘ഓരോ ജീവനേയും ഒരു വിവേചനവും ഇല്ലാതെ ബഹുമാനിക്കുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ സുഹൃത്തിനൊപ്പം സംസാരിക്കുമ്പോൾ അറിയാതെ കടന്നു വന്ന വാക്കുകളാണ് അത്. എന്നാൽ, ഉത്തരവാദിത്വ ബോധമുള്ള ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, അത് ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. ജാതി, നിറം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലെ ഒരു വിവേചനത്തിലും ഞാൻ വിശ്വസിക്കുന്നില്ല. മനുഷ്യരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഞാൻ എന്റെ ജീവിതം ഉപയോഗിച്ചിട്ടുള്ളത്, ഇനി ഉപയോഗിക്കുന്നതും. ഓരോ ജീവൻ്റെയും വില മനസിലാക്കി ഒരു വിവേചനവുമില്ലാതെ ഓരോ വ്യക്തിയേയും ഞാൻ ബഹുമാനിക്കുന്നു’- യുവി പറയുന്നു.

Read Also:ജോർജ് ഫ്ലോയ്ഡ് പ്രതിഷേധക്കാർക്ക് അഭയമൊരുക്കി ഇന്ത്യൻ വംശജൻ; ട്വിറ്ററിൽ തരംഗമായി വീഡിയോകൾ

ഭാംഗി എന്നായിരുന്നു ഇൻസ്റ്റ ലൈവിൽ യുവിയുടെ പരാമർശം. ആഴ്ചകൾക്ക് ശേഷമാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ദളിതരെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി രജത് കൽസാൻ എന്നദളിത് പ്രവർത്തകൻ നൽകിയ പരാതിയിൽ പൊലീസ് യുവിക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ യുവിക്കെതിരെ നടപടി ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

Story highlights-yuvraj apologized to chahal

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top