കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ ഇന്ത്യയിലും ചൈനയിലുമായിരിക്കും കൂടുതൽ രോഗബാധിതർ: ഡൊണൾഡ് ട്രംപ്

donald trump

കൊവിഡ് പരിശോധന വർധിപ്പിച്ചാൽ അമേരിക്കയേക്കാൾ കൂടുതൽ രോഗബാധിതരുണ്ടാകുക ഇന്ത്യയിലും ചൈനയിലും എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ അമേരിക്കയിലാണെന്നതിന്റെ കാരണവും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചപ്പോൾ മുതൽ അമേരിക്കയിൽ കൊവിഡ് ടെസ്റ്റുകൾ ആരംഭിച്ചിരുന്നു. അതിനാലാണ് അമേരിക്കയിൽ ഏറ്റവും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ട്രംപ്.

അമേരിക്കയിൽ രണ്ട് കോടിയോളം കൊവിഡ് ടെസ്റ്റുകൾ നടത്തി. എന്നാൽ ജർമനിയിൽ നടത്തിയത് 40 ലക്ഷത്തോളം ടെസ്റ്റുകളാണ്. ദക്ഷിണ കൊറിയയിൽ 30 ലക്ഷം ടെസ്റ്റുകളാണ് നടത്തപ്പെട്ടത്. എന്നാൽ കൂടുതൽ ടെസ്റ്റ് നടത്തിയാൽ രോഗികളുടെ എണ്ണം കൂടും. ഇന്ത്യയിലോ ചൈനയിലോ ഇത്തരത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുമെന്നും ട്രംപ്.

Read Also: 8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം

കണക്കുകളനുസരിച്ച് ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ചവരുള്ളത് അമേരിക്കയിലാണ്. പത്തൊൻപത് ലക്ഷത്തിൽ അധികം ആളുകൾക്ക് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചതിൽ, ഒരു ലക്ഷത്തിൽ അധികം ആളുകൾ മരിച്ചു. എന്നാൽ കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന രോഗം ബാധിച്ചവരുടെ നിരക്കിൽ 18ാം സ്ഥാനത്താണ്. നാലായിരത്തിൽ അധികം ആളുകൾ ആണ് ചൈനയിൽ മരിച്ചത്.

അതേസമയം കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തെത്തിയിരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ രാജ്യം ഇറ്റലിയെ മറികടന്നു. ആകെ പോസിറ്റീവ് കേസുകൾ 236,657 ആയി. 24 മണിക്കൂറിനിടെ പതിനായിരത്തിന് അടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസം 294 പേരാണ് മരിച്ചത്. അഞ്ച് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനം അടച്ചുപൂട്ടി. മഹാരാഷ്ട്രയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി രോഗം ബാധിച്ച് മരിച്ചു.

donald trump, india, china, coronavirus, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top