കോട്ടയത്ത് മൂന്നാം ഘട്ടത്തിൽ രോഗം ബാധിച്ച 46 പേരിൽ 45 പേരും പുറത്തുനിന്ന് എത്തിയവർ

covid test

വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയതിന് ശേഷം കോട്ടയം ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്. ഇതിൽ മീനടം സ്വദേശിയായ 58കാരന് മാത്രമാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഇതിൽ 30 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് വന്നത്.

കുവൈറ്റിൽ നിന്ന് മെയ് 26ന് ഒരേ വിമാനത്തിൽ എത്തിയ 16 പേരിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്ന് എത്തുന്നവരെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിനും ക്വാറന്റീനിൽ താമസിപ്പിക്കുന്നതിനും സർക്കാർ നിർദേശപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ് സമ്പർക്കം മുഖേനയുള്ള രോഗവ്യാപനം ഇതുവരെ നിയന്ത്രിക്കാൻ സഹായകമായതെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ക്വാറന്റീൻ കേന്ദ്രങ്ങളിൽ താമസിക്കുന്നവർ നിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുന്നുണ്ട്. വാർഡ് തല ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ ഹോം ക്വാറന്റീൻ നിരീക്ഷണവും ജില്ലയിൽ ഊർജിതമാണ്.

Read Also:കോട്ടയത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം കേരളത്തിൽ ഇന്ന് 108 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Story highlights-kottayam 3rd stage covid, 45 out of 46 patients came from outside

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top