കോട്ടയത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലക്കാരായ രണ്ട് പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് ഈ മാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും (24) ഈ മാസം നാലിന് ഡൽഹിയിൽ നിന്നെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്കും (34) ആണ് രോഗം ബാധിച്ചത്. ഒളശ്ശ സ്വദേശിക്ക് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനമാർഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റി സാമ്പിൾ പരിശോധന നടത്തി. ഇപ്പോൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇയാൾക്കൊപ്പം എത്തിയ മാതാവും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്റീൻ സെന്ററിലാണ്. കൊവിഡ് ലക്ഷണങ്ങളുള്ള ഇവരുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 30 ആയി. ഇതിൽ എറണാകുളത്ത് ചികിത്സയിൽ കഴിയുന്നയാൾ ഒഴികെയുള്ളവരിൽ 19 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പത്ത് പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്.
Read Also:കേരളത്തിൽ ഇന്നും നൂറ് കടന്ന് കൊവിഡ് കേസുകൾ
അതേസമയം കേരളത്തിൽ ഇന്ന് 108 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Story highlights-kottayam covid today 2 persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here