Advertisement

സ്വന്തം കുടുംബത്തിൽ സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുമ്പോൾ…

June 6, 2020
Google News 4 minutes Read
women marital rape abuse legal point helpline numbers

കൊല്ലം അഞ്ചലിലെ ഉത്ര കൊലക്കേസ്, കഠിനംകുളത്ത് ഭർത്താവിന്റെ അനുവാദത്തോടെ വീട്ടമ്മയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്ത നിഷ്ടൂര സംഭവം, ഒരു കുടുംബത്തിലെ അംഗമെന്നവണ്ണം സ്‌നേഹം കൊടുത്ത അയൽക്കാരൻ വീട്ടമ്മയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കോട്ടയം കൊലക്കേസ്….സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ സ്‌നേഹിക്കുന്നവരുടെ കൈകളിലാണ് ആ കൊലക്കത്തി എന്നറിയുമ്പോൾ നാം വീണ്ടും സമൂഹത്തെ പഠിക്കേണ്ടിയിരിക്കുന്നു…! കണക്കുകൾ നോക്കിയാൽ 1945 പീഡന കേസുകളാണ് കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തത് ! ഇത് റിപ്പോർട്ട് ചെയ്ത കെസുകളുടെ എണ്ണം മാത്രം. മാരിറ്റൽ റേപ്പ്, അഥവ ഭർത്താവിൽ നിന്നുണ്ടാകുന്ന ലൈംഗിക പീഡനം, അടക്കം എത്ര അക്രമങ്ങൾ സമൂഹത്തെ ഭയന്ന് പലരും പുറത്ത് പറയാതെ കുഴിച്ചുമൂടിയിട്ടുണ്ടാകാം ?

ഉത്ര കൊലക്കേസിലും കഠിനംകുളം പീഡനക്കേസിലും പ്രതി അക്രമത്തിന് ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാർ തന്നെയാണ് എന്നത് പേടിപ്പിക്കുന്ന യാഥാർഥ്യമാണ്. സ്വന്തം ഭർത്താവിന്റെ അടുത്ത് പോലും സ്ത്രീ സുരക്ഷിതയല്ലയെന്ന സാമൂഹിക യാഥാർത്ഥ്യം തുറന്ന് പറഞ്ഞത് സംസ്ഥാന ആരോഗ്യ സാമൂഹിക നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജയാണ്. സ്ത്രീധനത്തിന്റെ പേരിൽ ഉത്രയെയും കുടുംബത്തെയും വേദനിപ്പിച്ചിരുന്നുവെന്നു ഉത്രയുടെ കുടുംബവും, ഭർത്താവിൽ നിന്ന് അതിക്രമങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കഠിനംകുളം യുവതിയും പറയുന്നു. അനിഷ്ട സംഭവങ്ങൾക്ക് മുൻപേ തന്നെ ആ ബന്ധം ഉപേക്ഷിച്ചു പോരാൻ ഉള്ള സാഹചര്യം അവർക്കുണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷെ അവർ ആ മെന്റൽ ട്രോമയിൽ അഥവാ മാനസിക ആഘാതത്തിൽ നിന്നുമെല്ലാം കര കയറി, സന്തോഷമുള്ള, സമാധാനമുള്ളൊരു ജീവിതം ആരംഭിച്ചേനെ..നമുക്കിടയിൽ ഇന്നും അവർ സന്തോഷത്തോടെ സാധാരണ ജീവിതം നായിച്ചേനെ…എന്നാൽ വിധി മറ്റൊന്നായിരുന്നു..

സമൂഹത്തിന്റെ മനോഭാവം..

വിവാഹ മോചനം നേടിയ സ്ത്രീയെ സ്വീകരിക്കാൻ പലപ്പോഴും വീട്ടുകാർ തയാറാവാറില്ല. സ്വന്തമായൊരു ജോലിയില്ലെങ്കിൽ സ്ഥിതി കൂടുതൽ ദുരിതമായിരിക്കും. വീണ്ടും വീട്ടുകാരെ ‘ബുദ്ധിമുട്ടിക്കേണ്ടി’ വരുമല്ലോ എന്ന് ചിന്തിച്ച് അക്രമകാരിയായ ഭർത്താവിനൊപ്പം ജീവിതം തള്ളി നീക്കാൻ ഇത്തരക്കാർ നിർബന്ധിതരാകും. സ്ത്രീ വിദ്യാഭ്യാസവും, അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന ഒരു ജോലിയും വേണ്ടത് അത്യാവശ്യമാണെന്നു പറയുന്നതിന് ഇന്ന് ഒരു ജീവന്റെ വിലയുണ്ട്…

women marital rape abuse legal point helpline numbers

സ്വന്തമായി ജോലി ഉള്ള സ്ത്രീകൾ, അവരിൽ തന്നെ വളരെ കുറച്ച് പേര് മാത്രമേ ഇഷ്ടമില്ലാത്ത ബന്ധത്തിൽ നിന്ന് പിന്മാറി വിവാഹ മോചനം നേടുകയുള്ളൂ. പലപ്പോഴും പിന്നീട് സ്വന്തം കുടുംബത്തിൽ നിന്ന് വരെ അകറ്റി മാറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു എന്നതാണ് ഈ തീരുമാനത്തിൽ നിന്ന് ഇവരെ പിന്നോട്ട് വലിക്കുന്നത്..എന്നാൽ പുരുഷന്മാർക്ക് ഈ പ്രശ്‌നം നേരിടേണ്ടി വരാറില്ല. വിവാഹ മോചനം നേടിയ പുരുഷന് സമൂഹത്തിൽ നിന്നുള്ള കുത്തുവാക്കുകൾ വിരളമായിരിക്കും. അവർക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ മാറ്റം വരുന്നില്ല എന്ന് സാരം.

ഭർത്തകന്മാരിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ ഏൽക്കേണ്ടി വരുന്ന വെർബൽ അബ്യൂസും(വാക്കുകൾകൊണ്ടുള്ള നോവിക്കൽ) പല സ്ത്രീകളെയും ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. നേരിട്ടുള്ള കൊലപാതകം അല്ലാത്തത് കൊണ്ടു തന്നെ അതൊന്നും എവിടെയും രേഖപ്പെടുത്തുന്നില്ല എന്ന് മാത്രം. എന്നാൽ ചില കേസുകളിൽ പ്രേരണാ കുറ്റം ചുമതത്തപ്പെടാറുണ്ടെങ്കിലും അതും അപൂർവമാണ്….അത്തരത്തിൽ സ്വയം ഉരുകി തീർന്ന സ്ത്രീ ജീവിതങ്ങൾ നിരവധിയാണ്…

മാരിറ്റൽ റേപ്പ് സമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണ്. അത് കുടുംബക്കാർക്കിടയിൽ ഒത്തുതീർന്ന് പോകേണ്ട ഒന്നല്ല. സമീപകാലത്ത് മലയാളത്തിലും ഹിന്ദിയിലുമടക്കം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായിരുന്നു. ‘ഭർത്താവിന്റെ പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിൽ നിന്ന് ഉടലെടുക്കുന്ന ചെകിട്ടത്തടികളെയും’, ഭർത്താവിൽ നിന്ന് സ്ത്രീക്ക് നേരിടേണ്ടി വരുന്ന ലൈംഗിക പീഡനങ്ങളെയും (മാരിറ്റൽ റേപ്പ്) എങ്ങനെ കുടുംബക്കാർ ഒത്തുതീർപ്പിന് വിധേയമാക്കുന്നു എന്ന് കാണിക്കുന്ന ചിത്രങ്ങൾ പോലും സംസാരിക്കുന്നത് ഈ വിഷയങ്ങളാണ് എന്നത് അതിന്റെ ആനുകാലികത വർധിപ്പിക്കുന്നു. ഈ ‘ഒത്തുതീർപ്പുകൾ’ തന്നെയാണ് ഒട്ടുമിക്ക കുടുംബങ്ങളിൽ നടക്കുന്നതും. പലപ്പോഴും മൂടിക്കവെക്കപ്പെട്ടും, അക്രമിയെ തന്നെ ദിവസവും കണ്മുന്നിൽ കണ്ടും ഭയന്ന് ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കാത്തല്ല പ്രശ്‌നം, അതിനും മുകളിൽ കുടുംബത്തിന്റെ ആത്മാഭിമാനത്തിനു വിലകല്പിക്കുന്നു…അവിടെ തകർന്നടിയുന്നത് ഒരാളുടെ മുന്നോട്ടുള്ള ജീവിതം തന്നെയാണെന്ന് ഇവർ അറിയുന്നുണ്ടോ ?

പ്രതിവിധി എന്ത് ?

ആദ്യം പറഞ്ഞത് പോലെ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് (സാമ്പത്തികമായുള്ള സ്വയം പര്യാപ്തത), സ്വന്തം കാലിൽ നിൽക്കാനുള്ള ജോലി, വരുമാനം. ആരെയും ആശ്രയിക്കേണ്ടി വരുന്നില്ലെങ്കിൽ ഒരു പരിധി വരെ അബ്യൂസിവ് റിലെഷൻഷിപ്പിൽ (മാനസികമായും ശാരീരികമായും വേദനകൾ മാത്രം നൽകുന്ന ബന്ധങ്ങൾ) നിന്ന് മോചനം നേടാൻ സ്ത്രീകൾക്ക് സാധിക്കും. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത മറികടക്കുക എന്നതാണ് മറ്റൊന്ന്. കുടുംബാംഗങ്ങളെ താൻ അനുഭവിച്ച കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കാം. സമൂഹത്തെ ഭയന്ന് എന്നിട്ടും ആ ബന്ധം തുടരാനാണ് അവർ ഉപദേശിക്കുന്നതെങ്കിൽ ഈ ഘട്ടത്തിൽ തനിക്ക് കൂട്ടായി താൻ മാത്രമേയുള്ളു എന്ന സത്യം മനസിലാക്കി സ്വന്തം തീരുമാനത്തിൽ തന്നെ ഉറച്ച് നിൽക്കാം. സ്വന്തം ജീവിതത്തിനായുള്ള പോരാട്ടം അവിടെ ആരംഭിക്കും.

women marital rape abuse legal point helpline numbers

എന്നാൽ വിദ്യാഭ്യാസ സൗകര്യങ്ങളോ സ്വന്തമായി ജോലിയോ നേടാൻ കഴിയാത്ത സ്ത്രീകളുണ്ട്. പലപ്പോഴും അവരാണ് ഏറ്റവും കൂടുതൽ ഗാർഹിക പീഡനങ്ങൾക്കും മറ്റും ഇരയാകുന്നത്. ഇത്തരക്കാർക്ക് പൊലീസ് സ്റ്റേഷനിലോ, സുരക്ഷയ്ക്കായുള്ള സംഘടനകളിലോ, വനിതാ കമ്മീഷന്റെ ഹെൽപ് ലൈനിലോ അഭയം തേടാം. ജീവിത ചുറ്റുപ്പാടുകൾ കൊണ്ട് മറ്റുള്ളവരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടവരല്ല നമ്മളെന്ന ബോധ്യം വേണം. ആരോഗ്യകരമല്ലാത്ത ഒരു ദാമ്പത്യത്തിൽ, വേദനകൾ മാത്രം സമ്മാനിക്കുന്ന ഒരു ബന്ധത്തിൽ എന്തിന്റെ പേരിലാണെങ്കിലും തുടരാൻ പെൺകുട്ടികളെ മാതാപിതാക്കൾ നിർബന്ധിക്കരുത്. മരണത്തിലേക്കാകില്ല നിങ്ങൾ അവരെ തള്ളിവിടുന്നതെന്ന് എന്താണ് ഉറപ്പ് ? കുട്ടികളെ ഓർത്താണ് പലപ്പോഴും ഇത്തരം കുടുംബ ബന്ധങ്ങൾ സ്ത്രീകൾ തുടർന്നുകൊണ്ട് പോകുന്നത്. എന്നാൽ നിങ്ങൾ സന്തോഷമായിരിക്കാതെ എങ്ങനെയാണ് നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുക ? ഇത്തരം അനാരോഗ്യകരമായ ദാമ്പത്യ ജീവിതം കണ്ടുവളരുന്ന കുഞ്ഞുങ്ങളും ഭാവിയിൽ ഇതേ തെറ്റ് ആവർത്തിക്കില്ലെന്ന് ആരുകണ്ടു ? നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിനെ പിരിഞ്ഞ് നിൽക്കുന്നതിൽ ഒരിക്കലും നിങ്ങളുടെ മക്കൾ നിങ്ങളെ കുറ്റം പറയില്ലെന്ന് വിശ്വസിക്കുക…മറിച്ച് കരുത്ത് കാണിച്ചാൽ നിങ്ങൾക്ക് കരുത്തരായ അടുത്ത തലമുറിയെ വാർത്തെടുക്കാൻ സാധിക്കും….

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട നിയമം അറിഞ്ഞിരിക്കാം :

ഐപിസി സെക്ഷൻ 498എ – സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം. മാരിറ്റൽ റേപ്പിനെതിരെ ഇന്ത്യയിൽ നിയമമില്ലെങ്കിലും, സ്ത്രീക്കെതിരായ ബോധപൂർവമായ അതിക്രമങ്ങളെ ഈ വകുപ്പിൽപ്പെടുത്താം.

സ്ത്രീധന നിരോധന നിയമം 1961- സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും കുറ്റകരമാണ്.

ഗാർഹിക പീഡന നിരോധന നിയമം 2005- മാനസിക-ശാരീരിക-ലൈംഗിക പീഡനത്തിനെതിരായ നിയമമാണ് ഇത്. ലിവ്-ഇൻ റിലേഷൻഷിപ്പിലുള്ള സ്ത്രീകൾക്കും ഈ നിയമം സംരക്ഷണം നൽകുന്നു.

സ്ത്രീകൾക്കായുള്ള ഹെൽപ് ലൈൻ നമ്പറുകൾ :

വുമൻ ഹെൽപ് ലൈൻ നമ്പർ – 1091

ഗാർഹിക പീഡനം അറിയിക്കാനുള്ള ഹെൽപ്ലൈൻ നമ്പർ- 181

സ്റ്റേറ്റ് വനിതാ സെൽ- 04712338100
വനിതാ പൊലീസ് സ്റ്റേഷൻ തിരുവനന്തപുരം-04712321555
വുമൻസ് സെൽ , കൊല്ലം- 4742742376
വുമൻസ് സെൽ , പത്തനംതിട്ട- 04682222927
വുമൻസ് സെൽ ,കോട്ടയം -04812302977
വുമൻസ് സെൽ , ഇടുക്കി- 9745769386
വുമൻസ് സെൽ , കൊച്ചി- 04842396730
വുമൻസ് സെൽ , തൃശൂർ – 9745796230
വുമൻസ് സെൽ , പാലക്കാട് – 04912522340
വുമൻസ് സെൽ , മലപ്പുറം-9745769151
വുമൻസ് സെൽ , കോഴിക്കോട് – 0495 2724070
വുമൻസ് സെൽ , വയനാട് -9745769072
വുമൻസ് സെൽ, കണ്ണൂർ – 9745769032

Story Highlights- women marital rape abuse legal point helpline numbers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here