പ്രതിഫലം കുറക്കണമെന്ന ആവശ്യം: താരസംഘടനയ്ക്ക് അതൃപ്തി; ഉടൻ യോഗം ചേരില്ല

കൊറോണ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറക്കണമെന്ന ആവശ്യത്തിൽ ഉടൻ തീരുമാനമില്ല. ഉടൻ യോഗം ചേരില്ലെന്ന് താരസംഘടന തീരുമാനിച്ചു. ഇക്കാര്യത്തിൽ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് എഎംഎംഎയുടെ തീരുമാനം. താരങ്ങൾ സ്ഥലത്ത് ഇല്ലാത്തതു കൂടി പരിഗണിച്ചാണ് ഈ നീക്കം. 28നു നടക്കേണ്ട ജനറൽ ബോഡി യോഗം മാറ്റിവച്ചു.
Read Also: താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണം; കത്തയച്ച് നിർമാതാക്കൾ
നിലവിലെ സാഹചര്യത്തിൽ താരങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണിത്. അങ്ങനെയിരിക്കെ നിർമാതാക്കൾ പരസ്യമായി ഈ ആവശ്യം മുന്നോട്ടുവച്ചത് നല്ല കാര്യമല്ല. ആവശ്യം സ്വകാര്യമായി ഉന്നയിക്കാമായിരുന്നു. പല താരങ്ങളും ഇക്കാര്യം അറിയിച്ചു. പ്രസിഡൻ്റ് ഉൾപ്പെടെ സ്ഥലത്തില്ലാത്ത പശ്ചാത്തലത്തിൽ ജനറൽ ബോഡി യോഗമോ എക്സിക്യൂട്ടിവ് യോഗമോ ഇപ്പോൾ നടക്കില്ല. തിടുക്കത്തിൽ യോഗം നടത്തേണ്ട സാഹചര്യവും ഇപ്പോൾ ഇല്ലെന്നും താര സംഘടന അറിയിച്ചു.
താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം വലിയ അളവിൽ കുറയ്ക്കണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെട്ടത്. ഇക്കാര്യം എത്രയും വേഗം സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്ത് എല്ലാവരും ഒന്നിച്ചിരുന്ന് അഭിപ്രായ സമന്വയത്തിൽ എത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിർമാതാക്കളുടെ ആവശ്യം ന്യായമാണെന്ന നിലപാടിലാണ് ഫെഫ്ക.
താരങ്ങളും സാങ്കേതിക പ്രവർത്തകരും 25 മുതൽ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നാണ് നിർമാതാക്കളുടെ താത്പര്യം. തിയറ്ററുകൾ എന്ന് തുറക്കുമെന്നതിൽ വ്യക്തതയില്ല. സാറ്റലൈറ്റ്, ഓവർസീസ് റേറ്റുകളിൽ വലിയ കുറവുണ്ടാകും. സിനിമകൾ റിലീസ് ചെയ്താലും വരുമാനത്തിൽ 50 ശതമാനത്തോളം കുറവ് വരുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ചർച്ചയ്ക്ക് തയാറാണെന്ന് താര സംഘടനയും വ്യക്തമാക്കിയിരുന്നു.
Story Highlights: amma producers association conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here