Advertisement

മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്

June 8, 2020
Google News 1 minute Read
corona

മലപ്പുറം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബംഗളുരുവില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ഒരു തിരുവനന്തപുരം സ്വദേശിക്കും ഒരു ആലപ്പുഴ സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Read More: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11 പേര്‍ രോഗമുക്തി നേടി

മെയ് 26 ന് അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയവരായ ആതവനാട് മാട്ടുമ്മല്‍ സ്വദേശി, തിരുനാവായ അനന്താവൂര്‍ സ്വദേശിനി, മെയ് 21 ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ ചാലിയാര്‍ മൈലാടി എരഞ്ഞിമങ്ങാട് സ്വദേശി, മെയ് 28 ന് സലാലയില്‍ നിന്ന് കണ്ണൂര്‍ വഴി നാട്ടിലെത്തിയ വളവന്നൂര്‍ ചാലിബസാര്‍ സ്വദേശി, മെയ് 27 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കീഴാറ്റൂര്‍ പട്ടിക്കാട് ചുങ്കം സ്വദേശിനി, 27 ന് തന്നെ ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പെരുമണ്ണ ക്ലാരി അടര്‍ശേരി സ്വദേശി, മെയ് 29 ന് ദുബായില്‍ നിന്ന് കൊച്ചിവഴി ജില്ലയിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മൂര്‍ക്കനാട് വടക്കുംപുറം സ്വദേശി, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മങ്കട കൂട്ടില്‍ സ്വദേശി, ജൂണ്‍ മൂന്നിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ അനന്താവൂര്‍ ചേരൂലാല്‍ സ്വദേശി, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തിരൂര്‍ കോട്ടുക്കല്ലിങ്ങല്‍ സ്വദേശി, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം വൈലത്തൂര്‍ സ്വദേശി, ബംഗളുരുവില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 19ന് തിരിച്ചെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി, ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് എത്തിയ പെരുവെള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി എന്നിവര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ഇവരെക്കൂടാതെ ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയവരായ തിരുവനന്തപുരം പുലിയൂര്‍കോണം സ്വദേശി, ആലപ്പുഴ കുമാരപുരം സ്വദേശി എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 163 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും തൃശൂര്‍, ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ 224 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,433 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 692 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Story Highlights: covid confirmed 14 people in Malappuram district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here