Advertisement

‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധം ബ്രിട്ടണിലേക്കും; 17ആം നൂറ്റാണ്ടിലെ അടിമക്കച്ചവടക്കാരന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തു:വീഡിയോ

June 8, 2020
Google News 11 minutes Read
george floyd england protest

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്നുവന്നിരുന്ന പ്രതിഷേധം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. ബ്രിട്ടണിലും പ്രതിഷേധത്തിൻ്റെ അലയൊലികൾ എത്തി. വെളുപ്പിൻ്റെ മേൽക്കോയ്മക്കെതിരെയും കറുത്തവൻ്റെ ആത്മാഭിമാനത്തിനു വേണ്ടിയും ബ്രിട്ടണിലും പ്രതിഷേധം ശക്തമാണ്. ഇതിൻ്റെ ഭാഗമായി 17ആം നൂറ്റാണ്ടിൽ ബ്രിട്ടണിൽ സ്ഥാപിച്ച അടിമക്കച്ചവടക്കാരന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തു.

Read Also: 8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് സംഭവം. അടിമക്കച്ചവടക്കാരനായിരുന്ന എഡ്വാർഡ് കോൾസ്റ്റണിൻ്റെ പ്രതിമയാണ് പ്രതിഷേധക്കാർ തകർത്തത്. ഇയാളുടെ വെങ്കല പ്രതിമ തകർത്ത പ്രതിഷേധക്കാർ ഇത് കായലിലേക്ക് തള്ളിയിടുകയും ചെയ്തു.


1636നു ജനിച്ച കോൾസ്റ്റൺ ബ്രിസ്റ്റോൾ എംപിയായി സേവനം അനുഷ്ഠിച്ചിരുന്നു. റോയൽ ആഫ്രിക്കൻ കമ്പനിയുടെ ഡെപ്യൂട്ടി ഗവർണറായും ഇയാൾ ജോലി ചെയ്തു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന 84000 ആഫ്രിക്കൻ പൗരന്മാരെ ഇയാൾ വില്പന നടത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. യാത്രക്കിടെ 19000ഓളം ആളുകൾ മരണപ്പെട്ടിട്ടുണ്ട്.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയിരുന്നു.

Read Also: ജോർജ് ഫ്ലോയ്ഡ് ചലഞ്ചുമായി വെളുത്ത വർഗക്കാരായ അമേരിക്കൻ യുവത; ഞെട്ടൽ

വൈകാതെ ഷോവിനെ അറസ്റ്റ് ചെയ്തു. പിന്നീട് കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായി. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

അതേസമയം, ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഇദ്ദേഹത്തിൻ്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Story Highlights: Black Lives Matter Protesters Throw Destroyd Slave Trader Statue In Bristol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here