തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന കൊവിഡ് രോഗി ആശുപത്രിയില്‍ നിന്നും ചാടി പോയി

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീണ്ടും ഗുരുതര വീഴ്ച്ച. ചികിത്സയിലിരുന്ന കൊവിഡ് രോഗി ആശുപത്രിയില്‍ നിന്നും ചാടി പോയി. നെടുമങ്ങാട് ആനാട് സ്വദേശിയായ യുവാവാണ് ചാടി പോയത്. കെഎസ്ആര്‍ടിസി ബസില്‍ ആനാട്ടെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ഇയാള്‍ കടന്നു കളഞ്ഞതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടെ, ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച്, ഇന്ന് ഉച്ചയോടെയാണ് നെടുമങ്ങാട് ആനാട് സ്വദേശി പുറത്ത് കടന്നത്. ആശുപത്രി പരിസരത്ത് നിന്ന് ബസ് മാര്‍ഗം ആനാട്ട് എത്തിയതാണ് വിവരം. ആനാട് പരിസരത്ത് വെച്ച് നാട്ടുകാരാണ് ഇയാളെ തിരിച്ചറിയുന്നതും തടഞ്ഞു വയ്കുന്നതും. വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസും, ആരോഗ്യ ഉദ്യോഗസ്ഥരുമെത്തി. മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ ആംബുലന്‍സില്‍ തിരികെ ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അന്വേഷണത്തിനുത്തരവിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇയാള്‍ കടന്നു കളഞ്ഞതെന്നാണ് ആശുപത്രി സൂപ്രണ്ട് മന്ത്രിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍മദ്യപാനത്തിന് അടിമയായ ഇദ്ദേഹം മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂര്‍ത്തിയാകും മുന്‍പ് കടക്കാന്‍ ശ്രമം നടത്തിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് കളക്ടര്‍ നവജ്യോത് ഖോസ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയന്തര നടപടി ആരംഭിച്ചതായും കൊവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും കളക്ടര്‍ വ്യക്തമാക്കി.

മെയ് 28ന് മദ്യപിക്കുന്നതിനിടെ ഛര്‍ദ്ദിച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് നെടുമങ്ങാട് ആനാട് സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മെയ് 31ന് കൊവിഡ് സ്ഥിരീകരിച്ചു.തമിഴ്‌നാട്ടില്‍ നിന്ന് മദ്യം വാങ്ങാന്‍ പോയി വന്നതടക്കം ഇയാളുടെ സമ്പര്‍ക്ക പട്ടിക ആശങ്ക സൃഷ്ടിച്ചിരുന്നു.

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു (Story updated at 8.26pm)

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച 33കാരനാണ് മരിച്ചത്. നെടുമങ്ങാട് ആനാട് സ്വദേശിയാണ്. ഇന്നലെ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞ ഇദ്ദേഹത്തെ തിരികെ എത്തിച്ചിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് അദ്ദേഹം ഡിസ്ചാർജ് ആവാനിരുന്നതായിരുന്നു. അദ്ദേഹത്തിൻ്റെ രണ്ട് കൊവിഡ് ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു.

Story Highlights: covid patient jumped out of the hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top