പ്രതിഫലം കുറക്കൽ; ചർച്ചയ്ക്ക് തയാറെന്ന് താര സംഘടനയും ഫെഫ്കയും അറിയിച്ചതായി നിർമാതാക്കൾ
താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കുന്ന വിഷയത്തിൽ എഎംഎംഎയുടെയും ഫെഫ്ക യുടെയും മറുപടി ലഭിച്ചതായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ചർച്ച ചെയ്യാമെന്ന് ഇരുസംഘടനകളും അറിയിച്ചതിൽ സന്തോഷമുണ്ടെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്നാണ് എഎംഎംഎ അറിയിച്ചത്. എന്നാൽ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ മുൻനിര താരങ്ങളുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും താര സംഘടന നിർമാതാക്കളെ തീരുമാനം അറിയിക്കുക.
താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് എഎംഎംഎയും ഫെഫ്കയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് നിർമാതാക്കളുടെ കത്തിനുള്ള മറുപടിയിൽ ഇരു സംഘടനകളും വ്യക്തമാക്കി. സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ തീരുമാനം തർക്കം വിഷയമാക്കേണ്ടെന്ന നിലപാടിലാണ് ചലച്ചിത്ര സംഘടനകൾ. എന്നാൽ, പ്രതിഫല വിഷയം പൊതുചർച്ചയാക്കിയതിലുള്ള അതൃപ്തി താര സംഘടന പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അയച്ച കത്തിനുള്ള മറുപടിയിലും എഎംഎംഎ നീരസം വ്യക്തമാക്കുന്നുണ്ട്.
വിഷയം പരസ്യമായി ഉന്നയിച്ചതിൽ താരങ്ങളും അതൃപ്തി അറിയിച്ചിട്ടുണ്ട്. നേരത്തെ അനുകൂല നിലപാട് വ്യക്തമാക്കിയ ഫെഫ്ക ഔദ്യോഗിക മറുപടി നൽകി. 19 യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷം എത്രയും വേഗം സാങ്കേതിക പ്രവർത്തകരുടെ പ്രതിഫലം കുറയ്ക്കുന്നതിൽ തീരുമാനമറിയിക്കാമെന്ന് ഫെഫ്ക അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here