ജനപ്രതിനിധികളുടെ വാർത്താ റിപ്പോർട്ടിംഗ്; വൈക്കത്തെ വിശേഷങ്ങളുമായി സി കെ ആശ എംഎൽഎ ലെെവില്‍; വിഡിയോ

ck asha mla live reporting 24 news

24 ന്യൂസ് ചാനലിലെ മോർണിംഗ് ഷോയിൽ റിപ്പോർട്ടർ കുപ്പായം അണിഞ്ഞ് ഇന്നെത്തിയത് വൈക്കം എംഎൽഎ  സി കെ ആശ. സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ എംഎൽഎ റിപ്പോർട്ടിംഗ് ആരംഭിച്ചു. എംഎൽഎ റിപ്പോർട്ടിംഗ് പരിപാടിയുടെ ഭാഗമാവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ റിപ്പോർട്ട് ആശ തുടങ്ങിവച്ചത്. 20 വർഷം മുൻപ് പ്രസ് അക്കാദമിയിൽ വച്ച് പഠനം പൂർത്തിയാക്കിയ എംഎൽഎയ്ക്ക് വീണ്ടും മാധ്യമപ്രവർത്തനത്തിലേക്ക് ചുവടുവച്ചതിന്റെ ആകാംക്ഷയുണ്ടായിരുന്നു.

നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വൈക്കം ജില്ലാ ആശുപത്രിയുടെ വിവരങ്ങളാണ് ആശ 24ന്റെ പ്രേക്ഷകരുമായി പങ്കുവച്ചത്. വേമ്പനാട് കായലിന്റെ അരികിലാണ് ബഹുനില കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനായാണ് രണ്ട് നിലകളിൽ തുടങ്ങി വച്ച ആശുപത്രിയുടെ വിപുലീകരണം. കൊവിഡ് 19 ഇല്ലായിരുന്നെങ്കിൽ മെയ് മാസം തന്നെ പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്ന ആശുപത്രിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമെന്നായിരുന്നു പ്രതീക്ഷ. ഇക്കാര്യം ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ നിർഭാഗ്യവശാൽ ലോക്ക് ഡൗൺ മൂലമാണ് കാര്യങ്ങൾ നീണ്ടുപോയതെന്നും എംഎൽഎ വ്യക്തമാക്കി. വൈക്കം താലൂക്ക് ആശുപത്രി അടുത്ത് തന്നെയാണ് ഈ ആശുപത്രിയുടെയും പ്രവർത്തനം ആരംഭിക്കുന്നത്. ആശുപത്രി അധികൃതരും മറ്റ് ജനപ്രതിനിധികളും അവിടെ സന്നിഹിതരായിരുന്നു.

Read Also: ജനപ്രതിനിധികളുടെ തത്സമയ റിപ്പോർട്ടിംഗ്; കന്നിയങ്കവുമായി എംഎൽഎ റോജി എം ജോൺ: വീഡിയോ

വൈക്കം താലൂക്ക് ആശുപത്രിയുടെ അവസ്ഥ ശോചനീയമാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും രാജഭരണകാലത്തുള്ള കെട്ടിടങ്ങളായിരുന്നു പലതുമെന്നും എംഎൽഎ പറഞ്ഞു. തുടർന്ന് കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭിച്ചു. 96 കോടിയാണ് താലൂക്ക് ആശുപത്രിക്കായി പണം അനുവദിച്ചത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിതയോട് കാർഡിയോളജി ലാബ് തുടങ്ങാനുള്ള സാധ്യത എംഎൽഎ ആരാഞ്ഞു. സൂപ്പർ സ്‌പെഷ്യാലിറ്റി തലത്തിലുള്ളതാണ് കാത്ത് ലാബെന്നും സെക്കന്റ് ടയർ സംവിധാനത്തിലുള്ള താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് തുടങ്ങാൻ സാധ്യതയില്ലെന്നും സൂപ്രണ്ട് അറിയിച്ചു.

മുൻസിപ്പൽ ചെയർമാൻ ബിജു കണ്ണിയത്ത് ഇക്കാര്യത്തോട് പ്രതികരിച്ചു. താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുവാനുള്ള ആലോചനയിലാണെന്നും ആയിരത്തിലേറെ രോഗികൾ ദിവസേന വരുന്ന ആശുപത്രിയാണ് താലൂക്കിലേതെന്നും അദ്ദേഹം പറഞ്ഞു. വെറെ ചികിത്സ കേന്ദ്രങ്ങളൊന്നും അടുത്തില്ലാത്തതിനാൽ ആശുപത്രിയുടെ നിലവാരം ഉയർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയത്തിന്റെ മുന്നൊരുക്കങ്ങൾ മണ്ഡലത്തിൽ നടത്തുന്നതായും എംഎൽഎ. നീർചാലുകൾ പുനർനിർമിക്കുന്നുണ്ട്. ചാലുകളുടെ അതിരുകൾ ശക്തിപ്പെടുത്തുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജനങ്ങള്‍ക്കായി ക്യാമ്പുകൾ തുടങ്ങേണ്ടി വരുമെന്നും എംഎൽഎ. പ്രീമൺസൂൺ മീറ്റിംഗ് നടത്തിയിരുന്നു. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പ്രവർത്തനങ്ങൾ സംയോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം അതിജീവിക്കാനുള്ള തയാറെടുപ്പിലാണെന്നും എംഎൽഎ.

വൈക്കം മാക്കെകടവ് പാലം നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നുവെന്ന് പ്രക്ഷകന്റെ ചോദ്യത്തിന് മറുപടിയായി എംഎൽഎ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഭൂമിയേറ്റടുക്കൽ നടന്നുകൊണ്ടിരിക്കുന്നു. ഭൂമിയുടെ വില നിശ്ചയിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലമേറ്റെടുപ്പ് നടക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ക്യാമറാമാൻ സ്വാതി കൃഷ്ണയ്‌ക്കൊപ്പം സികെ ആശ എന്ന് പറഞ്ഞ് ചെറുപുഞ്ചിരിയോടെ തന്റെ റിപ്പോർട്ട് ജനപ്രതിനിധി അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം മോർണിംഗ് ഷോയിൽ റിപ്പോർട്ടുമായി എത്തിയത് അങ്കമാലി എംഎൽഎ റോജി എം ജോണായിരുന്നു. ആറന്മുള എംഎൽഎ വീണാ ജോർജാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. എല്ലാ എംഎൽഎമാരും മികച്ച രീതിയിലാണ് വാർത്തകൾ അവതരിപ്പിക്കുന്നത്.

c k asha mla live report, 24 news mla reporting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top