പുരപ്പുറ സൗരോർജ പദ്ധതിയിലെ ആദ്യനിലയം ഉദ്ഘാടനം ചെയ്തു

കേരളത്തിലെ കെട്ടിടങ്ങളുടെ മുകളിൽ സൗര നിലയങ്ങൾ സ്ഥാപിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന സൗര പദ്ധതിയിലെ ആദ്യ നിലയം അതിരമ്പുഴയിൽ കെ സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ കാരിസ് ഭവൻ വളപ്പിലെ കെട്ടിടത്തിനു മുകളിലാണ് 20 കിലോവാട്ട് ശേഷിയുള്ള സൗര നിലയം സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം തുടങ്ങിയത്. പ്രതിദിനം ശരാശരി 80 യൂണിറ്റ് വൈദ്യുതി ഇതിൽ നിന്ന് ലഭിക്കും. നിലയം സ്ഥാപിക്കാനാവശ്യമായ പണം പൂർണമായും മുടക്കിയത് കെഎസ്ഇബിയാണ്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും കുറഞ്ഞ നിരക്കിൽ കാരിസ്ഭവന് നൽകും.
സൗര പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ നാസറുദ്ദീൻ എ, കാരിസ് ഭവൻ ഡയറക്ടർ ഫാ ജോസ് പറപ്പള്ളി, കെഎസ്ഇബി എക്സിക്യൂട്ടിവ് എഞ്ചിനീയർമാരായ പ്രവീൺ എം എ, മധുലാൽ ജെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ കുര്യൻ സെബാസ്റ്റ്യൻ, ബിനു, അജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ പി വി പ്രദീപ്, നന്ദകുമാർ എൻ, റിയ എന്നിവരും മറ്റ് കെ എസ് ഇ ബി ഉദ്യോഗസ്ഥരും ടാറ്റ സോളാർ കമ്പനിയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ആദ്യ ഘട്ടമായി, വരുന്ന ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തുടനീളം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പതിനായിരത്തിലധികം പുരപ്പുറങ്ങളിൽ സോളാർ നിലയങ്ങൾ സ്ഥാപിച്ച് 50 മെഗാവാട്ട് അധിക ഉത്പാദന ശേഷി കൈവരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.
ഇതോടൊപ്പം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമുള്ള (150 മെഗാവാട്ട് ) സബ്സിഡി പ്രോജക്റ്റിൻ്റെ ടെൻ്ററും കെഎസ്ഇബി വിളിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി കെഎസ്ഇബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മൂന്ന് കേരള മോഡലുകളും, 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന മോഡലും ഉൾപ്പെടുത്തി നടപ്പാക്കുന്ന ഈ സബ്സിഡി പ്രോജക്റ്റിലേക്കുള്ള ഉപഭോക്താക്കളുടെ രജിസ്ട്രേഷനും തുടരുകയാണ്.
സൗര സബ്സിഡി പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ലിങ്ക് -https://wss.kseb.in/selfservices/sbp
Story Highlights: first phase Solar Power Project inaugurated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here