ജയമോഹൻ തമ്പിയുടെ കൊലപാതകം; മകൻ അറസ്റ്റിൽ; സുഹൃത്ത് കസ്റ്റഡിയിൽ

Jayamohan Thampi murder update

മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലപാതകത്തിൽ മകൻ അശ്വിൻ അറസ്റ്റിലായി. ഇന്നലെ രാത്രിയോടെയാണ് അശ്വിൻ്റെ അറസ്റ്റ് തിരുവനന്തപുരം ഫോർട്ട് പൊലീസ് രേഖപ്പെടുത്തിയത്. അശ്വിനൊപ്പം മദ്യപിച്ച സുഹൃത്ത് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

നെറ്റിയിലെ ആഴമുള്ള മുറിവടക്കം മൂന്ന് മുറിവുകളാണ് മരണകാരണമായത്. കഴിഞ്ഞ ദിവസമാണ് ജയമോഹൻ തമ്പിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പണത്തെച്ചൊല്ലി ജയമോഹനും മകനുമായി ചില തർക്കങ്ങൾ ഉണ്ടായി. തുടർന്നായിരുന്നു കൊലപാതകം.

അശ്വിൻ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ജയമോഹൻ്റെ എടിഎം കാർഡും ക്രെഡിറ്റ് കാർഡും പഴ്സുമൊക്കെ മകൻ കൈക്കലാക്കിയിരിക്കുകയായിരുന്നു. മദ്യലഹരിയിൽ എടിഎം കാർഡുമായി ബന്ധപ്പെട്ട് അച്ഛനുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് മകൻ ജയമോഹനെ പിടിച്ച് തള്ളുകയായിരുന്നു. ഇതാവാം മരണകാരണം. അച്ഛൻ മരിച്ചതിനു ശേഷം ഭക്ഷണം പോലും കഴിക്കാതെ തുടർച്ചയായ നാലു ദിവസം ഇയാൾ മദ്യം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

Read Also: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകം

തലക്ക് പിൻഭാഗത്തും നെറ്റിയിലും മൂക്കിലുമുണ്ടായ പരുക്കുകളാണ് മരണകാരണമെന്ന് പൊലീസ് അനുമാനിക്കുന്നു. മകനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. മകൻ്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.

തിരുവനന്തപുരം മണക്കാട് മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു ജയമോഹന്‍ തമ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു മുകളിലെ നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ ഇടപെട്ട് പരിശോധന നടത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പരിശോധനയില്‍ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് കണ്ടെത്തി.

തുടർന്ന് മകനെ ചോദ്യം ചെയ്തപ്പോൾ വൈരുദ്ധ്യം കണ്ടെത്തിയതോടെ പൊലീസിനു സംശയമായി. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും ചില സൂചനകൾ ലഭിച്ചു. തുടർന്നാണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Story Highlights: Jayamohan Thampi murder son arrested friend in custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top