ജയമോഹൻ തമ്പിയുടെ മരണം; മദ്യപിക്കാൻ പണം നൽകാത്തതാണ് കൊലപാതകത്തിനു കാരണമെന്ന് മകന്റെ മൊഴി

jayamohan thampi murder son

മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലപാതകത്തിൽ മകൻ അശ്വിൻ്റെ മൊഴി പുറത്ത്. കുറ്റം മകൻ സമ്മതിച്ചു. തുടർച്ചയായി 10 ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചു എന്നും മദ്യപിക്കാൻ പണം നൽകാത്തതാണ് കൊലപാതകത്തിനു കാരണമെന്നും അശ്വിൻ പൊലീസിനോട് പറഞ്ഞു. നാലു ദിവസം അശ്വിൻ തുടരെ മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. തുടർച്ചയായ 10 ദിവസം അശ്വിനും ജയമോഹനും ഒരുമിച്ചിരുന്ന് മദ്യപിച്ചു എന്നും പൊലീസ് പറയുന്നു.

Read Also: ജയമോഹൻ തമ്പിയുടെ കൊലപാതകം; മകൻ അറസ്റ്റിൽ; സുഹൃത്ത് കസ്റ്റഡിയിൽ

ശനിയാഴ്ച രാവിലെ 11 മണി വരെ ജയമോഹൻ തമ്പിയെയും മകൻ അശ്വിനെയും അയൽവാസികൾ കണ്ടിരുന്നു. അശ്വിനും ജയമോഹനും അശ്വിൻ്റെ രണ്ട് സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചു. അതിനു ശേഷമുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യം വാങ്ങുന്നതിനായി തൻ്റെ എടിഎം കാർഡുകളും മറ്റും ജയമോഹൻ മകനോട് ഏല്പിച്ചിരിക്കുകയായിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ നൽകാൻ അശ്വിൻ തയ്യാറായില്ല.ഇതേ തുടർന്ന് ജയമോഹൻ തമ്പിയെ മൂക്കിനിടിച്ച് താഴെ വീഴ്ത്തി. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തല ഭിത്തിയിൽ ഇടിപ്പിച്ച് തള്ളിയിട്ടു. ഇങ്ങനെ മരണം സംഭവിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

Read Also: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകം

അതേസമയം, പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ സൂചനകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. നെറ്റിയിലും തലയുടെ പിൻഭാഗത്തും ഏറ്റ മുറിവുകളും മൂക്കെല്ലിനുണ്ടായ ഗുരുതര പരുക്കും എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി കൃത്യമായ വിവരമില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടക്കുകയാണ്.

ഇവിടെ സ്ഥിരമായി മദ്യപാനം നടക്കാറുണ്ടായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. ശനിയാഴ്ച കൊലപാതകം നടന്നെങ്കിലും തിങ്കളാഴ്ച ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് പൊലീസിനെ അറിയിച്ചത്.

ജയമോഹൻ തമ്പിയുടെ കഴുത്തിലുണ്ടായിരുന്ന നാലു പവൻ്റെ മാലയും കാണാനില്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

Story Highlights: jayamohan thampi murder son confessed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top