പത്തനാപുരത്ത് ആന ചെരിയാൻ കാരണവും പൈനാപ്പിളിൽ വച്ച പടക്കം; മൂന്ന് പേർ പിടിയിൽ

കൊല്ലം പത്തനാപുരം കറവൂരിൽ ആന ചെരിഞ്ഞത് പൈനാപ്പിളിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു വായിൽ വച്ച് പൊട്ടിത്തെറിച്ചാണെന്ന് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇവർ കൈതച്ചക്കയിൽ ഒളിപ്പിച്ച പന്നിപ്പടക്കം കഴിച്ചാണ് ആനയുടെ വായ തകർന്ന് ആന ചെരിഞ്ഞതെന്നാണ് വിവരം. രഞ്ജിത്, അനിമോൻ, ശരത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ കറവൂർ സ്വദേശികളാണ്. ഏപ്രിൽ 11നാണ് ആന ചെരിഞ്ഞത്.
ഇവർ മൃഗവേട്ടക്കാരാണെന്ന് വനപാലകര്‍ പറഞ്ഞു. മ്ലാവിനെ പിടികൂടാൻ ഒരുക്കിയ
പന്നിപ്പടക്കം വച്ച പൈനാപ്പിൾ ആന കഴിക്കുകയായിരുന്നു. പിന്നീട് പൊട്ടിത്തെറിച്ച് മുറിവുണ്ടായ ആനയ്ക്ക് വെള്ളം പോലും കുടിയ്ക്കാൻ സാധിച്ചിരുന്നില്ല. നാട്ടിൽ വന്ന ആന പിന്നീട് കാടുകയറിയെങ്കിലും അവശനായി ചെരിയുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരുടെ കൂടെ അറസ്റ്റിന് സാധ്യതയുണ്ട്.
Read Also: കാട്ടാനയുടെ കൊലപാതകം; എസ്റ്റേറ്റ് ഉടമയും മകനും ഒളിവിൽ; പ്രതികൾ മൃഗവേട്ട നടത്തിയതായി സൂചന
വായിൽ വലിയ മുറിവുമായി കറങ്ങിനടന്നിരുന്ന കാട്ടാനയെ പിടിച്ച് ചികിത്സ നൽകാൻ ശ്രമിച്ചിരുന്നെങ്കിലും അധികൃതർക്കത് സാധിച്ചിരുന്നില്ല. ആനയുടെ വായിൽ മുറിവുണ്ടായത് മരക്കഷ്ണമോ മറ്റോ കൊണ്ടായിരിക്കും എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിലൂടെയാണ് ആനയ്ക്ക് മുറിവുണ്ടായത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണെന്ന് സംശയം വന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ പ്രതികൾ പിടിയിലായി.
നേരത്തെ പാലക്കാട് ഇത്തരത്തിൽ ആന മരണമടഞ്ഞിരുന്നു. സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയ മാധ്യമങ്ങളിൽ വരെയിത് വാർത്തയായിരുന്നു.
pathanapuram, elephant death, fire cracker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here