സ്കൂൾ പ്രവേശന നടപടികൾ ഇനി ഓൺലൈനിൽ; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

സ്‌കൂള്‍ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതല്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനായി (sampoorna.kite.kerala.gov.in) രക്ഷകര്‍ത്താക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
നേരിട്ട് അപേക്ഷ നല്‍കിയവര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടതില്ല. നിലവില്‍ ~ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ക്ലാസ് പ്രൊമോഷന്‍ ‘സമ്പൂര്‍ണ’ വഴി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുപോലെ തുടരുന്നതിനും ക്ലാസ് പ്രൊമോഷന്‍ വഴിയോ അല്ലാതെയോ ഉള്ള സ്‌കൂള്‍ മാറ്റത്തിന് ടിസിയ്ക്കുവേണ്ടി അപേക്ഷിക്കുമ്പോള്‍ ‘സമ്പൂര്‍ണ’ വഴി തന്നെ നല്‍കുന്നതിനുമാണ് ഉത്തരവ്.
ടിസിയ്ക്കുള്ള അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപകര്‍ ‘സമ്പൂര്‍ണ’ വഴി ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതും ടിസിയുടെ ഡിജിറ്റല്‍ പകര്‍പ്പ് പുതുതായി ചേര്‍ക്കുന്ന സ്‌കൂളിന് ലഭ്യമാക്കേണ്ടതുമാണ്. സിബിഎസ്ഇ/ഐസിഎസ്ഇ തുടങ്ങി മറ്റു സ്ട്രീമുകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലേയ്ക്കു വരുന്ന കുട്ടികള്‍ക്കും പുതുതായി സ്‌കൂള്‍ പ്രവേശനം തേടുന്ന കുട്ടികള്‍ക്കും ‘സമ്പൂര്‍ണ’വഴി അപേക്ഷിക്കാം.
പ്രഥമാധ്യാപകരുടെ ‘സമ്പൂര്‍ണ’ ലോഗിനില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്കനുസരിച്ച് കുട്ടിയ്ക്ക് താല്‍ക്കാലിക പ്രവേശനം നല്‍കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തൽസ്ഥിതി സമ്പൂര്‍ണ പോര്‍ട്ടലില്‍ പരിശോധിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് അറിയിച്ചു.
പ്രവേശനവുമായി ബന്ധപ്പെട്ട ഒറിജിനല്‍ രേഖകള്‍ സ്‌കൂളില്‍ പ്രവേശിക്കുന്ന ദിവസം/ ആവശ്യപ്പെടുന്ന സമയത്ത് നല്‍കിയാല്‍ മതി. നിലവില്‍ ആധാര്‍ നമ്പര്‍ (യുഐഡി) ലഭിച്ച കുട്ടികള്‍ ആ നമ്പറും, യുഐഡിയ്ക്ക് അപേക്ഷിക്കുകയും എന്റോള്‍മെന്റ് ഐഡി ലഭിക്കുകയും ചെയ്തിട്ടുള്ളവര്‍ ആ നമ്പറും (ഇഐഡി) നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആധാറിന് അപേക്ഷിച്ചിട്ടില്ല എങ്കില്‍ ‘ഇല്ല’ എന്ന് രേഖപ്പെടുത്താന്‍ സോഫ്റ്റ്വെയറില്‍ സംവിധാനമുണ്ട്.
ഓണ്‍ലൈന്‍ പ്രവേശനം സംബന്ധിച്ച സഹായക രേഖകള്‍, വീഡിയോ എന്നിവ sampoorna.kite.kerala.gov.in ല്‍ ലഭ്യമാണ്.
Story Highlights: School admissions process now online
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here