‘ആരും അറിയേണ്ട കാര്യമില്ല, ബന്ധപ്പെട്ട വകുപ്പ് അറിഞ്ഞാൽ മതി’; അതിരപ്പിള്ളിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിരപ്പിള്ളി പദ്ധതി നേരത്തേ തന്നെ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതാണ്. വലിയ വിവാദങ്ങൾ ഉയർന്നതോടെ ഉടൻ നടപ്പാക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തി. ആ നിലപാടിൽ തന്നെയാണ് സർക്കാരുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ആരും അറിയേണ്ടതില്ല. ബന്ധപ്പെട്ട വകുപ്പ് അറിഞ്ഞാൽ മതി. വകുപ്പ് മന്ത്രി അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മറ്റ് പ്രശ്‌നങ്ങളില്ല. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ മാത്രമാണ് നടന്നത്. പദ്ധതി തുടങ്ങണമെങ്കിൽ എല്ലാവരുമായി ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
read also: അതിരപ്പിള്ളി പദ്ധതിക്ക് എൻഒസി നൽകിയ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി; വിവാദം
അതേസമയം, അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട എൻഒസി ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന വിവരം പുറത്തുവന്നു. ഏപ്രിൽ പതിനെട്ടിനാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എൻഒസി അനുവദിച്ച് ഒപ്പിട്ടത്. ഇക്കാര്യം ഇടത് മുന്നണി യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല. ഫെബ്രുവരി മാസം കെഎസ്ഇബിയിൽ നിന്ന് വരുന്ന ഫയൽ ഏപ്രിലിലാണ് ഊർജ വകുപ്പ് സെക്രട്ടറി ഡി അശോകൻ മന്ത്രി എംഎം മണിയുടെ പരിഗണനയ്ക്കായി നൽകുന്നത്. ഫയൽ പരിഗണിച്ച മന്ത്രി അതിരപ്പിള്ളി പദ്ധതി ദീർഘിപ്പിക്കുന്നതിന് എൻഒസി നൽകാവുന്നതാണെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് അയച്ചു. ഫയൽ പരിശോധിച്ച മുഖ്യമന്ത്രി ഏപ്രിൽ മാസം പതിനെട്ടിന് ഒപ്പിടുകയായിരുന്നു. ഇതിനിടയിൽ ഒരിക്കൽ പോലും ഇടത് മുന്നണി യോഗം ചേർന്നിട്ടില്ല. വിഷയത്തിൽ അമർഷമറിയിച്ച് സിപിഐ നേതാക്കൾ രംഗത്തെത്തിയിരുന്നു.
Story highlights-coronavirus, covid 19, athirappilly project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here