മഴക്കാല അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി താലൂക്കുകളില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിക്കും

മഴക്കാല അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിനായി താലൂക്ക് തലത്തില്‍ മോക്ക്ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നതിന് എറണാകുളം ജില്ലാ ദുരന്തനിവാരണ സമിതി അനുമതി നല്‍കി. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും മോക്ക്ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് 19 രോഗവ്യാപന പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മോക്ക്ഡ്രില്ലില്‍ പൊതുജന പങ്കാളിത്തം ഒഴിവാക്കും.
കൊച്ചി താലൂക്കില്‍ ഈ മാസം 16നാണ് മോക്ക്ഡ്രില്‍. ചുഴലിക്കാറ്റും കടല്‍ക്ഷോഭവും നേരിടുന്നതിനാണ് കൊച്ചി താലൂക്കിലെ പ്രവര്‍ത്തനങ്ങളില്‍ പ്രാമുഖ്യം നല്‍കുന്നത്. ആലുവ, മൂവാറ്റുപുഴ, പറവൂര്‍ താലൂക്കുകളില്‍ 17നാണ് മോക്ക്ഡ്രില്ലില്‍. അണക്കെട്ടുകള്‍ തുറക്കുന്നതും പ്രളയസാഹചര്യവും മുന്നില്‍ക്കണ്ടുള്ളതാണ് മൂന്ന് താലൂക്കുകളിലെയും പ്രവര്‍ത്തനങ്ങള്‍. കണയന്നൂര്‍, കുന്നത്തുനാട് താലൂക്കുകളില്‍ കനത്ത മഴയെയും പ്രളയസാഹചര്യവും പ്രതിരോധിക്കുന്ന വിധത്തില്‍ 18ന് മോക്ക്ഡ്രില്‍.
മണ്ണിടിച്ചില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂന്നി ഈ മാസം 19ന് കോതമംഗലം താലൂക്കിലും മോക്ക്ഡ്രില്‍ നടത്തും. അടിയന്തരഘട്ടങ്ങളിലെ ആശയവിനിമയ സംവിധാനം, ജനങ്ങളെ ഒഴിപ്പിക്കല്‍, ക്യാമ്പുകളുടെ നടത്തിപ്പ് തുടങ്ങിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് മോക്ക്ഡ്രില്ലുകള്‍. പഞ്ചായത്തുകളിലെ ദുരന്തനിവാരണ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷകരെ ഏര്‍പ്പെടുത്തും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്യാമ്പുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തും. ഓരോ താലൂക്കുകളിലെയും നിരീക്ഷകര്‍ക്ക് പുറമേ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഒരു നിരീക്ഷകന്‍ കൂടിയുണ്ടാകും.
Story Highlights: Mockdrill will be organized to deal with rainy season emergencies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here