വ്യാപാര കേന്ദ്രമായ രാമചന്ദ്രയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനം; കേസ്

തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര കേന്ദ്രമായ രാമചന്ദ്രയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനം. തമിഴ്‌നാട്ടിൻ നിന്നെത്തിച്ച ജീവനക്കാരെ നിരീക്ഷണത്തിലാക്കിയില്ല. ഇവരെ മറ്റു ജീവനക്കാർക്കൊപ്പം ഹോസ്റ്റലിൽ പാർപ്പിച്ചു. വിവരങ്ങൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തുമില്ല. പരാതി ലഭിച്ചതിനെ തുടർന്ന് 29 ജീവനക്കാരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. രാമചന്ദ്രയ്ക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള 29 ജീവനക്കാരെ രാമചന്ദ്ര മാനേജ്മെന്റ് തിരുവനന്തപുരത്തെത്തിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുമ്പോൾ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം രാമചന്ദ്ര പാലിച്ചില്ല. കൂടാതെ ഈ ജീവനക്കാരെ മറ്റു ജീവനക്കാർക്കൊപ്പം കിഴക്കേകോട്ട പത്മാ നഗറിലെ ഹോസ്റ്റലിൽ പാർപ്പിച്ചു. ഇരുനൂറിലധികം ജീവനക്കാർക്കൊപ്പമാണ് ഇവരെ പാർപ്പിച്ചത്. പത്മ നഗർ റസിഡൻസ് അസോസിയേഷൻ പരാതി നൽകിയതിനെ തുടർന്നാണ് ഫോർട്ട് പൊലീസ് സംഭവത്തിൽ ഇടപെട്ടത്. പൊലീസ് പരിശോധനയിൽ 29 പേർ ഇന്നലെ എത്തിയതിയതാണെന്ന് കണ്ടെത്തി. ഇതോടെ ഫോർട്ട് പൊലീസ് രാമചന്ദ്ര മാനേജ്മെന്റിനെതിരെ കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസെടുത്തു. തുടർന്ന് ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചു.

ഇന്ന് രാവിലെയോടെ 29 ജീവനക്കാരെയും അട്ടകുളങ്ങരയിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം ഇവരിൽ അഞ്ച് പേർ രാമചന്ദ്രയുടെ പഴയ ഗോഡൗണിലെത്തിയെന്ന സംശയത്തെ തുടർന്ന് ആ പരിസരത്തെ കടകൾ അടപ്പിച്ചു. പിന്നീട് ആരോഗ്യപ്രവർത്തകരെത്തി പരിശോധന നടത്തിയതിന് ശേഷമാണ് കടകൾ തുറക്കാൻ അനുവദിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top