‘പ്രളയ കാലത്ത് മലയാളികളോട് കാണിച്ച സ്‌നേഹം എന്നും ഓർക്കും’; സുശാന്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയ സമയത്ത് അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്‌നേഹം കേരളം എന്നും ഓർക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിംഗ് മരിച്ച വിവരം പുറംലോകമറിയുന്നത്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ജോലിക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. ലോക്ക്ഡൗൺ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടിൽ കഴിഞ്ഞിരുന്നത്. സുശാന്തിന്റെ മരണം ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സുശാന്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

read also: സുശാന്ത് അവസാനമായി പങ്കുവച്ചത് അമ്മയുടെ ഓർമകൾ

ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ രാജ്കുമാർ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാർഡും ലഭിച്ചു. ശുദ്ദ് ദേശി റൊമാൻസ്, പികെ, ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറഞ്ഞ എം. എസ്. ധോണി ദി അൺടോൾഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഡ്രൈവ് ആണ് സുശാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

story highlights- sushant singh rajput, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top