തൃശൂരിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്

തൃശൂർ ജില്ലയിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് നഴ്സുമാർ ഉൾപ്പെടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ പുതുതായി മൂന്ന് കണ്ടെയ്ന്റ്‌മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.
വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും സമ്പർക്കത്തിലൂടെ നാല് പേർക്കുമാണ് തൃശൂരിൽ രോഗം ബാധിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്‌സുമാരും രണ്ട് ജീവനക്കാരുമുൾപ്പെടെ നാല് സ്ത്രീകൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
Read Also: കൊവിഡ്; തൃശൂര്‍ കളക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണം
നേരത്തെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അഞ്ച് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഒമ്പത് ആയി.
ഇതിനോടകം ആശുപത്രിയിലെ 122 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 113 എണ്ണത്തിന്റെ ഫലം നെഗറ്റിവാണ്. ആശുപത്രിയുടെ പ്രവർത്തനം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. 143 പേരാണ് ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് പോസിറ്റിവ് ആയി നിരീക്ഷണത്തിൽ കഴിയുന്നത് .തൃശൂർ സ്വദേശികളായ ഒമ്പത് പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നുണ്ട്. ജില്ലയിൽ സമൂഹ വ്യാപന ഭീഷണി നിലവിൽ ഇല്ലെന്ന് ജില്ലാകളക്ടർ വ്യക്തമാക്കി.
ജില്ലയിൽ മൂന്ന് കണ്ടെയ്ന്റ്‌മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. അളഗപ്പനഗർ പഞ്ചായത്തിലെ മൂന്നു, നാല് വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14,15 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ 12ആം വാർഡ് എന്നിവയാണ് പുതിയ സോണുകൾ. ഇതോടെ കണ്ടൈൻമെൻറ് സോണുകളുടെ എണ്ണം 13 ആയി.
thrissur, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here