കോട്ടയത്ത് നാല് പേർക്ക് കൊവിഡ്; മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു

കോട്ടയം ജില്ലയിൽ പുതിയതായി നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 28ന് മുംബൈയിൽ നിന്ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന കുമാരനല്ലൂർ സ്വദേശിനി (32), മസ്‌കറ്റിൽ നിന്ന് ജൂൺ അഞ്ചിന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി (45), മുംബൈയിൽ നിന്ന് ജൂൺ നാലിന് എത്തി അതിരമ്പുഴയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ആറുമാനൂർ സ്വദേശിനി (29), പേരൂരിലെ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശിനി (30) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ കൊവിഡ് മുക്തരായ മൂന്ന് പേർ ആശുപത്രി വിട്ടു. ജൂൺ മൂന്നിന് ഡൽഹിയിൽ നിന്നെത്തിയ മുതുകുളം സ്വദേശിനി (34), മെയ് 29ന് സൗദി അറേബ്യയിൽ നിന്നെത്തിയ കൊടുങ്ങൂർ സ്വദേശിനി (30), മെയ് 17ന് അബുദാബിയിൽ നിന്നെത്തിയ കുമരകം സ്വദേശിനി(40) എന്നിവരാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനുപുറമെ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോന്നി സ്വദേശിയും കൊവിഡ് മുക്തനായി.

Read Also: ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസ് മലപ്പുറത്ത്

ആരോഗ്യ പ്രവർത്തകയ്‌ക്കൊപ്പം മുംബൈയിൽ നിന്ന് എത്തിയ ഭർത്താവിന്റെയും മകന്റെയും സാമ്പിൾ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇരുവരും ഹോം ക്വാറന്റീനിലാണ്. നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് 54 പേരാണ് ചികിത്സയിലുള്ളത്. ഇതിനുപുറമെ കോട്ടയം ജില്ലക്കാരായ രണ്ട് പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി നിലവിൽ പത്തനംതിട്ട ജില്ലയിലാണുള്ളത്.

covid, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top