100 ദിവസത്തിനു ശേഷം തിരികെ എത്തി പ്രീമിയർ ലീഗ്; റേസിസത്തിനെതിരെ മുട്ടിൽ നിന്ന് പ്രതിഷേധിച്ച് താരങ്ങൾ

കൊവിഡ് ബാധയെ തുടർന്നുണ്ടായ 100 ദിവസത്തെ ഇടവേളക്ക് ശേഷം തിരികെ എത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ മത്സരത്തോടെയാണ് ലീഗ് പുനരാരംഭിച്ചത്. അമേരിക്കയിൽ വർണവെറിക്കിരയായി കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ റേസിസത്തിനെതിരെ താരങ്ങൾ പ്രതിഷേധം അറിയിച്ചു. ഇരു ടീമുകളിലെ താരങ്ങളും മാച്ച് ഒഫീഷ്യൽസും മുട്ടുകുത്തി നിന്നാണ് വർണവെറിക്കെതിരെ പ്രതിഷേധം അറിയിച്ചത്. പ്രീമിയർ ലീഗിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് ആഴ്സണൽ പരിശീലകൻ മൈക്കൽ അർട്ടേറ്റക്ക് ആയിരുന്നു.
Read Also: ആഴ്സണൽ പരിശീലകൻ കൊവിഡ് 19 രോഗമുക്തനായെന്ന് റിപ്പോർട്ട്
മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സിറ്റി ആഴ്സണലിനെ തകർത്തു. റഹീം സ്റ്റെർലിങ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് പിറന്ന ഗോളിൽ ഒരു ഗോളിൻ്റെ ലീഡോടെ ഒന്നാം പകുതി അവസാനിപ്പിച്ച സിറ്റിക്കായി 51ാം മിനിറ്റിൽ കെവിൻ ഡിബ്രുയിനും, ഇഞ്ചുറി ടൈമിൽ ഫിൽ ഫോഡനും വല കുലുക്കി. ഇതിനിടെ 49ആം മിനിട്ടിൽ ഡേവിഡ് ലൂയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയത് ആഴ്സണലിനു തിരിച്ചടിയായി.
Read Also: ഡിബാലക്ക് കൊവിഡ് 19 എന്ന് റിപ്പോർട്ട്; ആഴ്സണൽ പരിശീലകനും ചെൽസി യുവതാരത്തിനും വൈറസ് ബാധ സ്ഥിരീകരണം
മാർച്ച് 13നാണ് അർട്ടേറ്റക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 27ന് ഒളിമ്പിയാക്കോസുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷമാണ് അർട്ടേറ്റ അസുഖബാധിതനായത്. ഒളിമ്പിയാക്കോസ് പ്രസിഡൻ്റ് ഉടമ ഇവാൻകാസ് മാരിനിക്കോസിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആഴ്സണലിൻ്റെ 8 താരങ്ങൾ സ്വയം ഐസൊലേഷനിലായിരുന്നു. മറ്റ് ആഴ്സണൽ താരങ്ങൾക്ക് അസുഖബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ അർട്ടേറ്റ അസുഖബാധിതനാണെന്ന് വൈകാതെ കണ്ടെത്തി. ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷനിലാക്കുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം അദ്ദേഹം രോഗമുക്തനായിരുന്നു.
Story Highlights: Premier league against racism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here