വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ല; ബിസിസിഐ

bcci about vivo sponsorship

ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിൻ്റെ ടൈറ്റിൽ സ്പോൺസറാണ് വിവോ.

“നിലവിൽ വിവോയുമായുള്ള സ്പോൺസർഷിപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. എന്നാൽ, വരും വർഷങ്ങളിൽ സ്പോൺസർഷിപ്പ് നയത്തിൽ മാറ്റം വരുത്തും. രാജ്യതാത്പര്യം മുൻനിർത്തി മാത്രമാവും ഐപിഎൽ പോലുള്ള ടൂർണമെൻ്റുകളിൽ ഇനി സ്പോൺസർഷിപ്പ് സ്വീകരിക്കുക. 42 ശതമാനം നികുതിയാണ് ബിസിസിഐ സർക്കാരിനു നൽകുന്നത്.”- ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറയുന്നു

2022 വരെയാണ് വിവോയുമായുള്ള ഐപിഎല്ലിൻ്റെ കരാർ. ഇക്കാലയളവിൽ 2199 കോടി രൂപ സ്പോൺസർഷിപ്പ് വരുമാനമായി ബിസിസിഐക്ക് ലഭിക്കും. “ഇതിൽ 42 ശതമാനം നികുതി ബിസിസിഐ സർക്കാരിനു നൽകുന്നുണ്ട്. ഇവിടെ നിന്ന് അവർക്ക് ലഭിക്കുന്ന പണം ഇവിടെ തന്നെ തുടരുകയാണ്. അതുകൊണ്ട് തന്നെ സ്പോൺസർഷിപ്പിലൂടെ വിവോ ഇന്ത്യയെ തന്നെയാണ് പിന്തുണക്കുന്നത്. ചൈനയെ അല്ല. അവർ ഇവിടെ മൊബൈൽ ഫോണുകൾ വിറ്റ് പണമുണ്ടാക്കുന്നു. ഞങ്ങൾ ആ പണം എടുത്തില്ലെങ്കിൽ അതും ചൈനക്ക് ലഭിക്കും.”- അരുൺ ധുമാൽ പറയുന്നു.

അതേ സമയം, ചൈനീസ് ഉപകരണങ്ങൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചാൽ ബിസിസിഐക്ക് സ്പോൺസർഷിപ്പ് റദ്ദാക്കാൻ മടിയില്ല. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ചൈനയെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അരുൺ പറയുന്നു.

അതേ സമയം, ഐപിഎൽ സീസൺ ഈ വർഷം സെപ്തംബർ 26ന് ആരംഭിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്തംബർ 26ന് ആരംഭിച്ച് നവംബർ 8ന് അവസാനിക്കും വിധമാണ് ഐപിഎൽ നടക്കുക. എന്നാൽ, ടി-20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നതിനനുസരിച്ചാവും ഐപിഎലിൻ്റെ ഭാവി എന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights- bcci about vivo sponsorship

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top