ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല, ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല : പ്രധാനമന്ത്രി

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. ഇന്ത്യാ-ചൈന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെ കണ്ണുവച്ചവരെ പാഠം പഠിപ്പിച്ചു. സൈന്യം ഏതു നീക്കത്തിനും തയാറാണ്. ഒന്നിച്ച് ഏതു മേഖലയിലേക്കും നീങ്ങാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. ഭൂമിയിലും ആകാശത്തും ജലത്തിലും ഇന്ത്യയെ സംരക്ഷിക്കാന്‍ സേന സജ്ജമായിക്കഴിഞ്ഞു. ഈ ശേഷിയുള്ള സേനയെ നേരിടാന്‍ എതിരാളികള്‍ മടിക്കും. ചൈനീസ് അതിര്‍ത്തിയില്‍ നേരത്തെ വലിയ ശ്രദ്ധ ഇല്ലായിരുന്നു. ഇന്നവിടെ ഇന്ത്യന്‍ സേന വലിയ ശ്രദ്ധ കാട്ടുന്നു. സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയാറാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സര്‍വ്വ കക്ഷിയോഗത്തില്‍ പറഞ്ഞു. രഹസ്യാന്വേഷണത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാല്‍ 20 ജവാന്മാരുടെ ജീവന്‍ നഷ്ടമായി. ചൈന പിന്‍മാറിയില്ലെങ്കില്‍ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ഗാന്ധി ചോദിച്ചു.
രഹസ്യാന്വേഷണ വീഴ്ചയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഇന്ത്യാ- ചൈന തര്‍ക്കം ചര്‍ച്ചയിലൂടെ തീര്‍ക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി തര്‍ക്കം പരിഹരിച്ച് സമാധാനം ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രിമാര്‍ക്കിടയിലെ ധാരണ സ്വാഗതം ചെയ്യുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു.
Story Highlights: pm modi on india-china stand off after all party meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here