കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Two arrested for spreading porn video on WhatsApp group

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക പ്രവര്‍ത്തികളുടെ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റുകള്‍ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായത്. വിഡിയോ പോസ്റ്റ് ചെയ്ത തൃശൂര്‍ ദേശമംഗലം കൂട്ടുപാത, സുരേഷ് നിവാസില്‍ എന്‍കെ സുരേഷ് (55), ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പിബി മാനുവല്‍ (കിരണ്‍, 23 വയസ്) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പോണ്‍ വിഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ ഫ്രണ്ട്‌സ് എന്ന പേരില്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് ക്രിയേറ്റ് ചെയ്തത്. ഇരുവര്‍ക്കും പുറമേയുള്ള മറ്റ് അഡ്മിന്‍ മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും, സമാന രീതിയില്‍ പോണ്‍ വിഡിയോസ് പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിച്ചു വരികയാണ്. സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തുമുള്ള നിരവധിപേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്. സമൂഹത്തില്‍ മാന്യരായ പലരും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്ലാനറ്റ് റോമിയോ എന്ന വെബ്‌സൈറ്റില്‍ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.ഈ ഗ്രൂപ്പിലെ അംഗങ്ങളില്‍ പലരും നേരിട്ട് പരിചയമുള്ള വരോ, നേരിട്ട് കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

കൊച്ചി സൈബര്‍ ഡോമിനേയും, കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ ഊര്‍ജിത അന്വേഷണം ആണ് നടന്നുവരുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെയുടെ നിര്‍ദേശാനുസരണം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ ആണ് അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

Story Highlights: Two arrested for spreading porn video on WhatsApp group

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top