ഐപിഎലിലെ ചൈനീസ് കമ്പനികളുടെ സ്പോൺസർഷിപ്പ്; ബിസിസിഐയുടെ തീരുമാനം അടുത്ത ആഴ്ച

bcci ipl sponsorship vivo

ഐപിഎലിലെ ചൈനീസ് കമ്പനികളുമായുള്ള സ്പോൺസർഷിപ്പ് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ചയെന്ന് ബിസിസിഐ. അടുത്ത ആഴ്ച നടക്കുന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഐപിഎൽ അറിയിച്ചു.

“അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ ധീരജവാന്മാർ ജീവത്യാഗം ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ സ്പോൺസർഷിപ്പുകളെപ്പറ്റി തീരുമാനിക്കാൻ അടുത്ത ആഴ്ച ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗം കൂടാൻ തീരുമാനിച്ചിരിക്കുന്നു. “- ഐപിഎലിൻ്റെ ട്വിറ്റർ ഹാൻഡീൽ അറിയിച്ചു. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇത് റീട്വീറ്റ് ചെയ്തിരുന്നു.

Read Also: വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ല; ബിസിസിഐ

ഐപിഎലിൻ്റെ ടൈറ്റിൽ സ്പോൺസറായ വിവോയുടെ ഭാവിയാണ് പ്രധാനമായും യോഗത്തിൽ തീരുമാനിക്കുക. ഇതോടൊപ്പം, ഐപിഎല്ലിൻ്റെ സ്പോൺസർ പട്ടികയിൽ പെടുന്ന, ചൈനീസ് കമ്പനികളുമായി ബന്ധമുള്ള മറ്റ് കമ്പനികളെപ്പറ്റിയും തീരുമാനം ഉണ്ടാവും. ചൈനീസ് കമ്പനികൾക്ക് ഓഹരിയുള്ള പേടിഎം, ഡ്രീം ഇലവൻ തുടങ്ങിയ കമ്പനികളും ഐപിഎൽ സ്പോൺസേഴ്സ് പട്ടികയിൽ ഉണ്ട്. ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റിൻ്റെ മുഖ്യ സ്പോൺസർമാരാണ് പേടിഎം. അഞ്ച് വർഷത്തെ കരാറിൽ 326 കോടി രൂപയാണ് പേടിഎം മുടക്കിയിരിക്കുന്നത്.

വിവോയുമായുള്ള കരാർ റദ്ദാക്കില്ലെന്നറിയിച്ച ബിസിസിഐ ട്രഷറർ അരുൺ ധുമാലിൻ്റെ പ്രസ്താവന തള്ളിയാണ് പുതിയ അറിയിപ്പ്. “നിലവിൽ വിവോയുമായുള്ള സ്പോൺസർഷിപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. എന്നാൽ, വരും വർഷങ്ങളിൽ സ്പോൺസർഷിപ്പ് നയത്തിൽ മാറ്റം വരുത്തും. രാജ്യതാത്പര്യം മുൻനിർത്തി മാത്രമാവും ഐപിഎൽ പോലുള്ള ടൂർണമെൻ്റുകളിൽ ഇനി സ്പോൺസർഷിപ്പ് സ്വീകരിക്കുക. 42 ശതമാനം നികുതിയാണ് ബിസിസിഐ സർക്കാരിനു നൽകുന്നത്. സ്പോൺസർഷിപ്പിലൂടെ വിവോ ഇന്ത്യയെ തന്നെയാണ് പിന്തുണക്കുന്നത്. ചൈനയെ അല്ല. അവർ ഇവിടെ മൊബൈൽ ഫോണുകൾ വിറ്റ് പണമുണ്ടാക്കുന്നു. ഞങ്ങൾ ആ പണം എടുത്തില്ലെങ്കിൽ അതും ചൈനക്ക് ലഭിക്കും.”- അരുൺ ധുമാൽ പറഞ്ഞിരുന്നു.

Story Highlights: BCCI to review IPL sponsorship deals including Vivo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top