Advertisement

‘സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദത്തിന്റെ തടവുകാരനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ; ആഞ്ഞടിച്ച് മുഖ്യമന്ത്രി

June 20, 2020
Google News 1 minute Read

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി പ്രയോഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ പാർട്ടിക്ക് മാത്രമല്ല, നാടിനു തന്നെ വലിയ നാണക്കേട് വരുത്തി വയ്ക്കുന്നതാണ്. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്റ് മാറുകയാണെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിപ കാലത്തും കൊവിഡ് മഹാമാരി കാലത്തും നടത്തിയ പോരാട്ടത്തിൽ ആരോഗ്യ മന്ത്രി മുന്നിൽ തന്നെയുണ്ടായിരുന്നു. അതിനെ നിപ റാണിയെന്നും കൊവിഡ് രാജകുമാരി എന്നും പറഞ്ഞ് അധിക്ഷേപിക്കുമ്പോൾ സ്വാഭാവികമായും ആദ്യ പ്രതികരണം ഉണ്ടാകുന്നത് നിപയ്‌ക്കെതിരായ പോരാട്ടത്തലെ രക്തസാക്ഷിയായ ലിനിയുടെ കുടുംബത്തിൽ നിന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെ കുറിച്ച് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പറയുന്നതല്ലെന്നും കൊവിഡ് പ്രതിരോധത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രിയെ കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന അധിക്ഷേപങ്ങൾ എന്തൊക്കെയാണെന്നും എന്താണ് ഇതിനുള്ള പ്രകോപനം. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിസ്റ്റർ ലിനിയുടെ പേരുപോലും അദ്ദേഹത്തിന് നേരെചൊവ്വേ പറയാൻ സാധിക്കുന്നില്ല. കേരളത്തെ കുറിച്ച് ലോകം നല്ലത് പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്ന് പറയുന്നുവെങ്കിൽ എത്രമാത്രം അധപതിച്ച മനസ്സായിരിക്കണം അദ്ദേഹത്തിന്റേത്. നല്ലത് നടക്കുന്നതും പറയുന്നതും അദ്ദേഹത്തെ എന്തുമാത്രം അസഹിഷ്ണുവാക്കുവെന്നാണ് നോക്കേണ്ടത്. പല കാര്യങ്ങളിലും നമ്മുടെ കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുമ്പോഴാണ് ഒരു പൊതുപ്രവർത്തകൻ എങ്ങനെയാവരുത് എന്നതിന്റെ മാതൃകയാകാൻ കോൺഗ്രസ് നേതാവ് തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ശൈലജ ടീച്ചർക്കെതിരായ ആക്രോശം പ്രത്യേകമായ മനോനിലയുടെ ഭാഗമായിട്ടുള്ളതാണ്. അത് സ്ത്രീ വിരുദ്ധവുമാണ്. സ്ത്രീകളെ നിങ്ങൾ ഇങ്ങനെയാണോ കാണുന്നത്. ഇങ്ങനെയൊക്ക പറഞ്ഞാലെ അണികളുടെ കൈയടിയും വാർത്താപ്രാദ്‌ന്യം ലഭിക്കൂവെന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയിൽ കെപിസിസി അധ്യക്ഷൻ വീണുപോയതിൽ ഖേദമുണ്ട്. ഞങ്ങളിതിനെ കാണുന്നത് കേവലമൊരു മന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാവിന്റെ തരംതാണ വിമർശനം എന്ന നിലയിലല്ല. കേരളത്തെ കുറിച്ച് നല്ലത് കേൾക്കുന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്ന തുറന്നു പറച്ചിലായാണ് ഇതിനെ പരിഗണിക്കേണ്ടത്. കേരളത്തെക്കുറിച്ച് ലോകത്ത് നല്ലത് പറഞ്ഞു കേൾരക്കുന്നത് മലയാളിയെന്ന അഭിമാനം പങ്കുവെക്കുന്നില്ലെന്ന് മാത്രമല്ല കേരളത്തെ പ്രശംസിക്കുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ആ ക്ഷോഭം കൊണ്ട് പേശികൾക്ക് അല്പം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകമാകെ ശ്രദ്ധിക്കുന്ന തരത്തിലാണ് നാം നിപ മുതൽ കൊറോണ വരെയുള്ള ചെറുത്തുകൊണ്ടിരിക്കുന്നത്. പ്രതിരോധ മരുന്നുപോലും ലോകത്തെങ്ങും ഫലപ്രദമായി വികസിപ്പിച്ചിട്ടില്ലായിരുന്നിട്ടുകൂടി നമ്മൾ ലോകം ശ്രദ്ധിക്കും വിധം രോഗ ബാധയെ നിയന്ത്രിച്ചു നിർത്തി. അത് സാധ്യമായത് നിത്യേനയുള്ള ജാഗ്രതപ്പെടുത്തൽകൊണ്ടും ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടൽകൊണ്ടുമാണ്.

ലോകത്തിന് മുന്നിൽ മാതൃകയായ കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്റ്, രാഷ്ട്രീയ തിമിരം ബാധിച്ച യാഥാർഥ്യം കാണാൻ കഴിയാതെ പോയ ഒരു മനസ്സിന്റെ ജൽപനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല ഇത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താൻ പലവഴിക്ക് ശ്രമിച്ചവർ പ്രതിരോധത്തിന് നേതൃത്വം നൽകിയവരെ അധിക്ഷേപിക്കുന്നതിന്റെ തനിക്ക് അഭ്യർഥിക്കാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാദുരന്തങ്ങൾ വരുമ്പോൾ മറ്റെല്ലാം മറന്ന് ഒരുമിക്കുകയാണ് മനുഷ്യത്വമുള്ള എല്ലാവരും ചെയ്യുക. ഈ പൊതുതത്വത്തിന് അപമാനമാണ് കേരളം എന്ന പ്രതീതി ലോകസമൂഹത്തിന് മുന്നിൽ വെളിവാക്കുന്നതാണ് കെപിസിസി പ്രസിഡന്റിന്റെ അധിക്ഷേപം. ഇത് ആ തരത്തിൽ കേരളത്തിന് അപമാനകരമാകുകയാണ്. ലോകസമൂഹത്തിൽ കേരളത്തെ അപീർത്തിപ്പെടുത്തലാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story highlight: pinarai vijayan replied Mullappally Ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here