മന്ത്രി ശൈലജക്കെതിരായ മുല്ലപ്പള്ളിയുടെ ‘കൊവിഡ് റാണി’ പരാമർശം; യുഡിഎഫിന് അതൃപ്തി

ആരോഗ്യ മന്ത്രി കെ കെ ശൈലജ ക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശങ്ങളിൽ യുഡിഎഫ് നേതാക്കൾക്ക് അതൃപ്തി. പരാമർശം അനവസരത്തിലായെന്നാണ് നേതാക്കളുടെ നിലപാട്. പരാമർശത്തെക്കുറിച്ച് മുല്ലപ്പള്ളിയോട് അന്വേഷിച്ചിട്ട് പ്രതികരിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ഇന്നലെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വിവാദ പരാമർശം നടത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. കോഴിക്കോട് നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ‘ഗസ്റ്റ് ആർട്ടിസ്റ്റ് ‘ റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. പ്രവാസി യാത്രാ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശം.
read also: ഡൽഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരാവസ്ഥയിൽ; പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കി
മുല്ലപ്പള്ളിയുടെ പരാമർശത്തിൽ യു ഡി എഫ് നേതാക്കൾ അതൃപ്തരാണ്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനിറങ്ങിയവർ സ്വയം പ്രതിരോധത്തിലായ നിലയായെന്ന് ഇവർ പറയുന്നു. തദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതിൽക്കൽ നിൽക്കെ വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കണമെന്നാണ് മുന്നണി നേതൃത്വത്തിന്റെ നിലപാട്.
പരാമർശം വിവാദമായ ശേഷവും നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു മുല്ലപ്പള്ളി. സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനവും മനോരമ മുഖപ്രസംഗവും പരാമർശത്തിന് എതിരായതോടെ മുല്ലപ്പള്ളി തന്നെ തലയൂരട്ടെ എന്ന നിലപാടിലാണ് മുന്നണി നേതൃത്വം.
Story highlights- k k shailaja, mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here