‘ഈലം’ കാൻ ഫിലിം മാർക്കറ്റിലേക്ക്

ilam malayalam movie

ലോക പ്രശസ്ത ഫിലിം മാർക്കറ്റായ കാനിലേക്ക് മലയാള ചലച്ചിത്രം ഈലം തെരഞ്ഞെടുക്കപ്പെട്ടു. ഇത് ആദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ഫിലിം മാർക്കറ്റ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. കൊവിഡ് കാരണം ഈ പ്രാവശ്യം ഫിലിം മാർക്കറ്റ് ഓൺലൈൻ ആക്കുകയായിരുന്നു.

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം ജൂൺ 22 മുതൽ 26 വരെ നടക്കുന്ന ഫിലിം മാർക്കറ്റിൽ സ്‌ക്രീൻ ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരൂപകർക്കും പ്രേക്ഷകർക്കും ക്യൂറേറ്റർമാർക്കും നിർമാണ കമ്പനികൾക്കും മുന്നിൽ സിനിമ മാർക്കറ്റ് ചെയ്യാനുള്ള വേദിയാണിത്. ഏഴായിരത്തിൽ അധികം സെയിൽസ് ഏജന്റുമാരും ഡിസ്ട്രിബ്യൂട്ടർമാരും പങ്കെടുക്കുന്ന കാൻ ഫിലിം മാർക്കറ്റിലേത് ഈലത്തിന്റെ വേൾഡ് ഇന്റസ്ട്രിയൽ പ്രീമിയർ കൂടിയാണ്.

Read Also: ബെയ്‌ലിയെ ചേർത്ത് പിടിച്ച് നടൻ മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയിൽ നിന്നുള്ള ഫ്‌ളോറൻസ് അവാർഡ് നേടിയിരുന്നു. സംവിധായകനുള്ള സ്‌പെഷ്യൽ മെൻഷൻ പ്രൈസ് ആണ് ലഭിച്ചത്. 2020 മാർച്ചിൽ ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും നേടിയിരുന്നു. ലോകപ്രശസ്തമായ ചൈനീസ് തിയറ്ററിൽ വച്ചായിരുന്നു ചലച്ചിത്ര മേള.

ഇതുകൂടാതെ പോർട്ടോറിക്കോയിൽ വച്ച് നടന്ന ബയമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി അവാർഡും കരസ്ഥമാക്കിയിരുന്നു. ഒരു സർ റിയൽ ബാറിൽ നടക്കുന്ന കഥയാണ് ഈലം പറയുന്നത്. തമ്പി ആന്റണി, കവിത നായർ, റോഷൻ എൻ. ജി, വിനയൻ, ജോസ്‌കുട്ടി മഠത്തിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണ് ഈലം നിർമ്മിച്ചത്. ക്യാമറ- തരുൺ ഭാസ്‌കരൻ. എഡിറ്റ്- ഷൈജൽ പി വി, സംഗീതം- രമേശ് നാരായൺ, അജീഷ് ദാസന്റെ വരികൾ ആലപിച്ചത് ഷഹബാസ് അമൻ, പശ്ചാത്തല സംഗീതം- ബിജിബാൽ. വസ്ത്രാലങ്കാരം- സുനിൽ ജോർജ്. പിആർഒ- എ എസ് ദിനേശ്.

ilam, cannes film market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top