വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ; റഷ്യ-ചെെന- ഇന്ത്യ സഖ്യം തകരുമോ?

റഷ്യയിൽ നടക്കുന്ന റിക് ഉച്ചകോടിയിൽ ഇത്തവണ ഇന്ത്യ പങ്കെടുക്കുന്നത് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ആണെന്ന് വിവരം. മേഖലയിൽ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നിലപാട് ചൈന അവസാനിപ്പിച്ചില്ലെങ്കിൽ റിക് ത്രിരാഷ്ട്ര കൂട്ടായ്മ തന്നെ വിടും എന്നതടക്കമുള്ള നിലപാടാകും ഇന്ത്യ സ്വീകരിക്കുക. അതേസമയം കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് ഇന്ത്യയെ അനുനയിപ്പിക്കാൻ റഷ്യ ഇടപെടൽ ആരംഭിച്ചു. ത്രിരാഷ്ട്ര സഖ്യത്തിൽ നിന്ന് ഇന്ത്യ പിൻവാങ്ങി ചൈനീസ് വിരുദ്ധ സഖ്യത്തിൽ ഇന്ത്യ സജീവമായാൽ വലിയ വേഗത്തിലാകും ലോകത്തെ ചൈനീസ് എതിർനീക്കങ്ങൾ ഉണ്ടാകുക.
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം റഷ്യ അമേരിക്കൻ ചേരിക്ക് സ്വന്തമാകാതിരിക്കാൻ പിറന്ന കൂട്ടായ്മയാണ് യഥാർത്ഥത്തിൽ റിക് ത്രിരാഷ്ട്ര കൂട്ടായ്മ. ചൈനയും ഇന്ത്യയും നടത്തിയ ശ്രമങ്ങൾ റിക് യാഥാർത്ഥ്യമാകാൻ കാരണമായി. സാമ്പത്തികരംഗത്തടക്കം ഒറ്റക്കെട്ടായി പ്രവർത്തിച്ച് നിർണായകശക്തിയായി മാറുക എന്നായിരുന്നു റിക് വഴിയുള്ള മൂന്ന് രാജ്യങ്ങളുടെയും ലക്ഷ്യം. റികിന്റെ പതിനാറാം വാർഷിക സമ്മേളനത്തിന് റഷ്യ തയ്യാറെടുക്കുമ്പോൾ ഇന്ത്യ ഒരുങ്ങുന്നത് ഈ കൂട്ടായ്മയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യാനാണ്.
Read Also: കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക സന്നാഹങ്ങൾ സ്ഥിരമാക്കാൻ ഇന്ത്യ
റിക് രൂപീകരണ ഘട്ടത്തിൽ കൈകൊണ്ട നിലപാടുകളെല്ലാം ചൈന മറന്ന സഹചര്യത്തിൽ റിക് ബാധ്യത ആണെന്നാണ് ഇന്ത്യയുടെ പക്ഷം. റഷ്യയുമായുള്ള നല്ല ബന്ധം തുടരാൻ റിക് കൂട്ടായ്മ ഇന്ത്യയ്ക്ക് വേണ്ടെന്ന് വിദേശ കാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇക്കാര്യമാകും ഇന്ത്യ റഷ്യയിലെ സോച്ചിയിൽ വ്യക്തമാക്കുക. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ ശക്തികൾ ചേർന്ന് പത്ത് വർഷമായി ശീതീകരിച്ച് വച്ചിരുന്ന ക്വാഡ്രിലാറ്ററൽ (ക്വാഡ്) എന്ന ചതുർഭുജ സുരക്ഷാകാര്യ സംവാദ സംവിധാനം ഇപ്പോൾ സജീവമാണ്. ചൈന വീഴ്ചകൾ തിരുത്തിയില്ലെങ്കിൽ ചതുർഭുജ സംവിധാനം ശക്തമാക്കാൻ റിക് വിടാനാകും ഇന്ത്യ തീരുമാനിക്കുക. അതേസമയം ഈ നീക്കത്തിൽ നിന്ന് ഇന്ത്യയെ അനുനയിപ്പിക്കാൻ റഷ്യ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. റഷ്യൻ സ്ഥാനപതി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയെ ഇന്നലെ കണ്ടത് ഇതിന്റെ പശ്ചാത്തലത്തിലാണ്.
ric summit, india china clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here