Advertisement

കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക സന്നാഹങ്ങൾ സ്ഥിരമാക്കാൻ ഇന്ത്യ

June 21, 2020
Google News 1 minute Read
india china

കിഴക്കൻ ലഡാക്ക് മേഖലയിൽ പുതുതായി എർപ്പെടുത്തിയ സൈനിക സന്നാഹങ്ങൾ സ്ഥിരമാക്കാൻ ഇന്ത്യ തീരുമാനിച്ചു. യുദ്ധവിമാനങ്ങളുടെ വിന്യാസമടക്കം ആകും സ്ഥിരമാക്കുക. അധികമായി 3000 സൈനികരെയും വിന്യസിക്കും.

ഈ മാസം അവസാനമോ ജൂലൈ ആദ്യമോ പ്രതിരോധമന്ത്രി ലഡാക്കിൽ സന്ദർശനം നടത്തും. റിക് ഉച്ചകോടിക്കായി റഷ്യയിലേക്ക് പോകുന്നതിന് മുൻപ് ഉന്നതതല സൈനിക യോഗം വിളിച്ച പ്രതിരോധമന്ത്രി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തി.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നാളെ റിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയ്ക്ക് പോകും. ഇതിന് മുന്നോടിയായിരുന്നു ഉന്നത സൈനിക നേതൃത്വവുമായുള്ള ചർച്ച. നിലവിലുള്ള സാഹചര്യവും റിക് ഉച്ചകോടിയിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചർച്ച ചെയ്തു.

നിലവിൽ കിഴക്കൻ ലഡാക്ക് മേഖലയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കര-വ്യോമ മേധാവികൾ പ്രതിരോധമന്ത്രിക്ക് നൽകി. ഏർപ്പെടുത്തിയ അധിക ക്രമീകരണങ്ങൾ എല്ലാം ഫലപ്രദമായി മാറി എന്നാണ് ഇതിലെ പ്രധാന ഉള്ളടക്കം.

Read Also: ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയുടെ യുദ്ധവിമാനങ്ങൾ ഒന്നും ഇന്ത്യയുടെ വ്യോമാതിർത്തിയിൽ എത്തിയിട്ടില്ല. കരസേന പട്രോളിംഗ് നടത്തുന്ന മേഖലകളിലൊന്നും ദിവസങ്ങളായി പ്രകോപനം ആകുന്ന ഒരനുഭവവും ഉണ്ടായിട്ടില്ല. വ്യോമസേന ഹെലികോപ്ടറുകൾ ഒരുക്കിയ കവറിൽ ഫിംഗർ നാലിലടക്കം ഇന്ത്യൻ സേന ഇപ്പോൾ റോന്ത് ചുറ്റുന്നുണ്ട്. പുതുതായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഇതിനകം വ്യക്തമായ മേൽകൈ ഇന്ത്യൻ സേനയ്ക്ക് നൽകി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇവ സ്ഥിരം സംവിധാനമാക്കാനും തീരുമാനിച്ചു.

മൂവായിരം സൈനികരെ കൂടി അധികമായി വിന്യസിച്ചാകും ഇക്കാര്യത്തിലെ നടപടികൾ പൂർത്തിയാക്കുക. അതേസമയം മേഖലയിലെ റോഡ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വരുന്ന ദിവസം ലഡാക്കിൽ എത്തും. പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ് ഓർഗനൈസേഷനാണ് റോഡ് നിർമാണം നടത്തുന്നത്. കൂടുതൽ വേഗത്തിൽ റോഡ് നിർമാണം പൂർത്തിയാക്കാനുള്ള ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കും.

ladak, china- india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here