കോട്ടയത്ത് പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. വൈക്കം കുലശേഖരമംഗലം പ്രഭാകരൻ- ഐഷ ദമ്പതികളുടെ മകൾ പ്രിജ (37)യും കുഞ്ഞുമാണ് വൈക്കം പടിഞ്ഞാറെ നടയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. യുവതിയുടേയും കുഞ്ഞിന്റേയും മരണം ചികിത്സാ പിഴവുമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, യുവതിയുടേയും കുഞ്ഞിന്റെയും മരണം ചികിത്സാ പിഴവുമൂലമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടു കൂടിയാണ് പ്രിജയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. പുറത്തെടുത്ത കുഞ്ഞ് അധികനേരം കഴിയുന്നതിനു മുമ്പേ മരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് അത്യാസന്ന നിലയിലായ പ്രിജ വൈകുന്നേരം 7 മണിയോടു കൂടിയാണ് മരിച്ചത്. വിദേശത്ത് നഴ്‌സായിരുന്ന പ്രിജ എട്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭർത്താവ് നവാസ് അബുദാബിയിലാണ്. ഫഹദ്, ഫൈസൽ എന്നിവർ മക്കളാണ്. യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.
Story highlight: Woman and baby died following delivery surgery in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here