പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ വന്യജീവി ആക്രമണം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം

പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ വന്യജീവി ആക്രമണം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗത്തില്‍ തീരുമാനമായി. കലഞ്ഞൂര്‍ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളായ തട്ടാക്കുടി, പാടം, തിടി തുടങ്ങിയ മേഖലയിലാണ് വന്യ ജീവി ആക്രമണങ്ങളെ തുടര്‍ന്ന് വലിയ തോതില്‍ കൃഷി നാശവും, ജനങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത്. ഇതേ തുടര്‍ന്ന്് പ്രശ്ന പരിഹാരത്തിനായി എംഎല്‍എ യോഗം വിളിക്കുകയായിരുന്നു.
കാട്ടാന, കാട്ടുപോത്ത്, പന്നി, പുലി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ആക്രമണമാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. ഗ്രാമ പഞ്ചായത്തംഗം സജീവ് റാവുത്തറിന് ഉള്‍പ്പെടെ കാട്ടാനയുടെ അക്രമണത്തില്‍ കഴിഞ്ഞ ദിവസം പരുക്കുപറ്റിയിരുന്നു. എല്ലാ കാര്‍ഷിക വിളകളും കാട്ടുപന്നി നശിപ്പിക്കുകയാണ്. കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്. ഇതു മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.
മുരുപ്പേല്‍ – വെള്ളം തെറ്റി, സ്വാമിപ്പാലം -കമ്പകത്തും പച്ച, പൂമരുതിക്കുഴി- സ്വാമി പ്പാലം, ഇരുതോട് – തട്ടാക്കുടി – പൂമരുതിക്കുഴി, കണിയാന്‍ചാല്‍ – ഇരു തോട് തുടങ്ങിയ ഭാഗങ്ങളില്‍ സൗരോര്‍ജ വേലി സ്ഥാപിക്കും. 24 ലക്ഷം രൂപ ചെലവില്‍ 13.5 കിലോമീറ്റര്‍ ദൂരത്തിലാണ് സൗരോര്‍ജ വേലി സ്ഥാപിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ ഉടന്‍ നടത്തും. പരിപാലനത്തിനായി വന സംരക്ഷണ സമിതി അംഗങ്ങളെ നിയമിക്കാനും യോഗം തീരുമാനിച്ചു.
വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് കടന്നു വരുന്ന പ്രധാന ഭാഗങ്ങളില്‍ കിടങ്ങ് നിര്‍മിക്കാനും യോഗം തീരുമാനിച്ചു. 2.5 മീറ്റര്‍ വീതിയിലാണ് കിടങ്ങ് നിര്‍മിക്കുന്നത്. കിടങ്ങ് നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ യോഗത്തെ അറിയിച്ചു. മൃഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ആധുനിക ഉപകരണങ്ങള്‍ പാടം മേഖലയില്‍ ഉപയോഗിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു.
പമ്പ് ആക്ഷന്‍ ഗണ്ണും ആനയെ തുരത്താന്‍ ഉപയോഗിക്കും. പന്നിയെ വെടിവച്ചു കൊല്ലുന്നതിന് കര്‍ഷകരെ അനുവദിക്കുന്ന പുതിയ ഉത്തരവ് നടപ്പാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ ജാഗ്രതാ സമിതി യോഗം വീണ്ടും ചേരുമെന്നും ഡിഎഫ്ഒ പറഞ്ഞു.
വന്യജീവി ആക്രമണത്തിന് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നല്കുന്ന അപേക്ഷകളില്‍ പതിനഞ്ച് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് എംഎല്‍എ വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ജീവിതം ദുസഹമായതായി സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ എംഎല്‍എയോടു പരാതിപ്പെട്ടു. ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തുന്നതിനും, വന്യ ജീവി അക്രമണം തടയുന്നതിനുമായി പ്രശ്നങ്ങള്‍ വനം വകുപ്പ് മന്ത്രി മുമ്പാകെയും, വനം മേധാവി മുമ്പാകെയും അവതരിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാര്‍, കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ലാല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാടം രാജു, സജീവ് റാവുത്തര്‍, നടുവത്തു മൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജീഷ്, മറ്റു ജനപ്രതിനിധികള്‍, വിഎസ്എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Story Highlights: Pathanamthitta district,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here