ഹജ്ജ് റദ്ദാക്കില്ല, എന്നാൽ നിയന്ത്രണമേർപ്പെടുത്തും : ഹജ്ജ് മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് റദ്ദാക്കില്ലെന്ന് സൗദിയിലെ ഹജ്ജ് മന്ത്രാലയം. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തവണ ഹജ്ജ് സൗദിയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തും.
സൗദിയിൽ തന്നെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും. എന്നാൽ വളരെ കുറച്ച് തീർത്ഥാടകർക്ക് മാത്രമേ ഇതിനായി അവസരം ഒരുക്കുകയുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ശാരീരിക സൗഖ്യവും, സാമ്പത്തികമായി കഴിവുമുണ്ടെങ്കിൽ ഒരു വിശ്വാസി ജീവിതത്തിലൊരിക്കൽ നിർബന്ധമായും നിർവഹിക്കേണ്ട കർമമാണ് ഹജ്ജ്. മക്കയിൽ നടക്കുന്ന ഹജ്ജ് കർമത്തിനായി പ്രതിവർഷം രണ്ട് മില്യണിൽ കൂടുതൽ പേരാണ് എത്തിച്ചേരാറുള്ളത്. എന്നാൽ കൊവിഡ് വ്യാപ ആശങ്ക നിലനിൽക്കുന്നതിനാൽ ഇത് വളരെ കുറവ് പേരിലേക്ക് ചുരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.
ഫെബ്രുവരി മുതൽ സൗദിയിൽ ഉമ്ര തീർത്ഥാടകർക്കും വിലക്കേർപ്പെടുത്തിയിരുന്നു.
1,61,000 ൽ അധികം പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1307 പേരാണ് സൗദിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here