പാലക്കാട് ഗവ.മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയ്ക്ക് ഐസിഎംആറിന്റെ അനുമതി

palakkad medical college

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആര്‍ടിപിസിആര്‍ ലാബിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ.എം.എസ് പത്മനാഭന്‍ അറിയിച്ചു. ഒരു ടെസ്റ്റ് റണ്‍ കൂടി നടത്തി ജൂണ്‍ 25 മുതല്‍ പരിശോധന തുടങ്ങാനാകും.

ഐസിഎംആര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം സജ്ജമാക്കിയ ലാബിന്റെയും മെഷീനുകളുടെയും ആദ്യ ടെസ്റ്റ് റണ്ണിന്റെയും വിവരങ്ങള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. മൈക്രോബയോളജി വകുപ്പിനു കീഴിലാണ് ലാബിന്റെ പ്രവര്‍ത്തനം. രോഗ സാധ്യതയുള്ളവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം എടുത്താണ് പരിശോധന നടത്തുക. ടെസ്റ്റ് മുഖേന നാല്അഞ്ച് മണിക്കൂറിനുള്ളില്‍ ഫലം അറിയാനും വിവരം സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കാനും അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുകയും ചെയ്യും.

ലാബില്‍ പരിശോധന ആരംഭിക്കുന്നതോടെ ജില്ലയില്‍ കൊവിഡ് ഫലം നിലവിലുള്ളതിനേക്കാള്‍ വേഗത്തില്‍ ലഭിക്കും. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്. നിലവില്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ഒപിയും സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്.

Story Highlights: ICMR sanction for covid test at Government Medical College, Palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top