വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ വി. ഭാഗ്യവതി. കേസ് അട്ടിമറിക്കാൻ കൂടെ നിന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തത്. കൂടെ നിൽക്കുമെന്ന് പറഞ്ഞ സർക്കാർ വഞ്ചിച്ചുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസ് അന്വേഷിച്ച ഡിവൈഎസ്പി എംജെ സോജന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ വിഷയത്തിലായിരുന്നു പ്രതികരണം. ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളതായും നിർഭയയുടെ അമ്മ തെരുവിലിറങ്ങിയതുപോലെ മക്കളുടെ നീതിയ്ക്കായി താനും തെരുവിലിറങ്ങുമെന്നും അമ്മ ഭാഗ്യവതി പറഞ്ഞു.
മാധ്യമങ്ങളോട് വികാരാധീനയായി പ്രതികരിച്ച ഭാഗ്യവതി, ‘തന്റെ മക്കൾക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മക്കളെ ഇല്ലാതാക്കിയ ദ്രോഹികൾ രക്ഷപെടാൻ കാരണക്കാരായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം കിട്ടിയെന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും അമ്മ പ്രതികരിച്ചു. തങ്ങൾ തുടക്കം മുതൽ ചതിക്കപ്പെട്ടയാൾക്കാരാണെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കിട്ടിയില്ല. നിർഭയയുടെ അമ്മ ആ കുഞ്ഞിനു വേണ്ടി തെരുവിലിറങ്ങിയപ്പോൾ നീതി കിട്ടി. ആ കാര്യം ടിവിയിലൂടെ കണ്ടതാണ്. അതുപോലെ ഞാനും തെരുവിലിറങ്ങിയാൽ നീതികിട്ടുമെന്ന് ഉറപ്പായിരുന്നു. തന്റെ മരണം വരെ നീതിയ്ക്കായി തെരുവിലിറങ്ങി സമരം ചെയ്യും’- അമ്മ പ്രതികരിച്ചു.
വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളിൽ 13 വയസുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും 9 വയസുകാരിയായ പെൺകുട്ടിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപ് കുമാർ, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണ് പ്രതികൾ. ഇതിൽ പ്രദീപ്കുമാർ, വലിയ മധു എന്നിവർ 2 കേസുകളിലും പ്രതിയാണ്.
Story highlight: mother of Valayar girls did not get justice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here