രാജ്യത്ത് കൊവിഡ് മരണം 15,000 കടന്നു

covid india

രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 15000 കടന്നു. ആയിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് ദിവസം കൊണ്ടാണ്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 17,000 കടന്നു. ആകെ കൊവിഡ് കേസുകള്‍ 4,90,401 ആയി. അതേസമയം, രോഗമുക്തി നിരക്ക് 58.24 ശതമാനമായി ഉയര്‍ന്നു. സാംപിള്‍ പരിശോധനകളുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ മരണസംഖ്യ 14000 കടന്നത്. മൂന്ന് ദിവസം കൊണ്ട് രാജ്യത്ത് 1200ല്‍ അധികം മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 15,301 ആയി. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളിലും വന്‍വര്‍ധനയാണുള്ളത്. 24 മണിക്കൂറിനിടെ 17,296 പോസിറ്റീവ് കേസുകളും 407 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Read More: കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം ഇന്ന് സന്ദർശനം നടത്തും

പുതിയ കേസുകളുടെ 67.87 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് തന്നെയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 11,740 പുതിയ രോഗികള്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ആരോഗ്യവകപ്പിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.

ഇന്ന് ഗുജറാത്തിലും നാളെ മഹാരാഷ്ട്രയിലും തങ്ങുന്ന കേന്ദ്രസംഘം, ഞായറാഴ്ചയും തിങ്കളാഴ്ചയും തെലങ്കാനയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 13940 പേര്‍ രോഗമുക്തരായി. ഇന്നലെ 215,446 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംഐആര്‍ അറിയിച്ചു.

Story Highlights: COVID Death toll in India crosses 15,000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top