കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയോ; വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി

കൊവിഡ് വൈറസ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടില്ല എന്നുപറഞ്ഞ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി. ‘കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം
കൊറോണ വൈറസ് ബാധ തടയുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ വിദേശമന്ത്രാലയം അഭിനന്ദിച്ചത് വ്യാഴാഴ്ചയാണ്. രോഗം പകരാതിരിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന സൂക്ഷ്മവും ജാഗ്രതയോടെയുമുള്ള പ്രതിരോധ നടപടികളാണ് വിദേശമന്ത്രാലയത്തിന്റെ ഈ അഭിനന്ദനത്തിന് കാരണം. നേരത്തെ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രാലയവും കേരളത്തെ അഭിനന്ദിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ നേരിട്ട് കേരളത്തിലെ ആരോഗ്യവകുപ്പിനോട് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും ആഗോള മാധ്യമങ്ങളും കേരളത്തെ പ്രശംസിച്ചു അപ്പോഴും അതിന് തയാറാകാന്‍ കേന്ദ്രത്തിലെ മലയാളിയായ ഒരു മന്ത്രി തയാറായില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിച്ചത്. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റില്‍ എത്തിയ ആളല്ലെങ്കിലും തലശേരിയില്‍ ജനിച്ച് കേരളത്തിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി വരെ ഉയര്‍ന്ന ഈ മന്ത്രിക്ക് കേരളം എന്ന് കേള്‍ക്കുമ്പോള്‍ കലിവരുന്നത് എന്തുകൊണ്ട് എന്നറിയില്ല. ഒരു നല്ല വാക്കുപോലും കേരളത്തിന്റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാന്‍ കേന്ദ്രമന്ത്രി തയാറായിട്ടില്ല. എന്നും വിദ്വേഷ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നു കരുതി സമാധാനിക്കുകയേ വഴിയുള്ളുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാന്‍ വി മുരളീധരന് ഇപ്പോഴു കഴിഞ്ഞിട്ടില്ല. വിദേശ മന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ഏറെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ പ്രത്യേകിച്ചും. എന്നാല്‍ ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനവും മന്ത്രിയില്‍ നിന്നുണ്ടായില്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കേരളത്തെ അപഹസിക്കാന്‍ മാത്രമായി, കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണ്? പ്രബുദ്ധ കേരളത്തിന് ബാധ്യതയാവുകയാണോ ഈ മന്ത്രി എന്ന് ചോദിച്ചുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Story Highlights: Deshabhimani editorial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here