കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. പതിനഞ്ച് വയസുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിത്സയ്ക്കിടെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ 20 വയസുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.

കോട്ടയം മടുക്ക സ്വദേശികളായ, അനന്തു, മഹേഷ്, ചെറുവള്ളി എസ്റ്റേറ്റ് സ്വദേശി രാഹുൽ രാജ് എന്നിവരാണ് 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായത്. മൂന്ന് പേർക്കും 20 വയസ് മാത്രമാണ് പ്രായം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികൾ മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇരുവരം എലിവിഷം കഴിച്ചിരുന്നതായി വ്യക്തമായി.

Read Also: കോട്ടയത്ത് യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവം; ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കൾ

ഫോണിൽ ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പറഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് കോരുത്തോട്, മടുക്ക സ്വദേശിനികളായ വിദ്യാർത്ഥിനികൾ മൊഴി നൽകിയത്. എന്നാൽ ദുരൂഹത സംശയിച്ച പൊലീസ് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഒരു കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായതോടെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.

sexual abuse, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top