തൂത്തുക്കുടി കസ്റ്റഡി മരണം; അച്ഛനും മകനും പരുക്കേറ്റത് സ്റ്റേഷനിൽ വച്ച്

തുത്തൂക്കുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സാത്താൻകുടി പൊലീസ് സ്റ്റേഷനിൽ വച്ചാണ് ഇരുവർക്കും ക്രൂരമർദനമേറ്റതെന്നും ജയിലിലേക്ക് കൊണ്ടുവരുമ്പോൾ തന്നെ ഇരുവരുടെയും ദേഹത്ത് പരുക്കുകളുണ്ടായിരുന്നു എന്നതിന്റെയും രേഖകൾ പുറത്തുവന്നു.
പരുക്കേറ്റ ഇരുവരെയും കാണുക പോലും ചെയ്യാതെയാണ് മജിസ്‌ട്രേറ്റ് ഡി ശരവണൻ റിമാൻഡ് ചെയ്തതെന്നും വിവരം. വീടിന്റെ മുൻവശത്ത് നിന്ന് നോക്കിയ ജഡ്ജി ഒപ്പിട്ടെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നു. മജിട്രേറ്റിനെതിരെ മുതിർന്ന ജഡ്ജിമാർ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
എട്ട് മണിക്ക് ശേഷവും കട തുറന്ന ബെന്നെക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, ശേഷം അന്വേഷിച്ചെത്തിയ അച്ഛൻ ജയരാജനെയും. പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇരുവർക്കും പരുക്കുകൾ ഇല്ലായിരുന്നതായി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. ജയിലിലേക്കുള്ള യാത്രക്കിടയിലും ഉടുമുണ്ട് മാറ്റിയിരുന്നു. ജയരാജ് ക്ഷീണിതനായിരുന്നെന്നും ബെക്‌സിന് ശരീരത്തിന്റെ വിവിധ ഇടങ്ങളിൽ പരുക്കുകൾ ഉണ്ടായിരുന്നതായും രേഖകളിൽ പറയുന്നു.
ലോക്ക് ഡൗൺ നിയമലംഘനത്തിന് അറസ്റ്റ് ചെയ്ത ഇരുവരെയും കോവിൽപ്പെട്ടി സബ്ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അച്ഛനും മകനും മരിച്ചു. അമേരിക്കയിലെ ജോർജ് ഫ്ളോയിഡ് എന്ന കറുത്ത വർഗക്കാരന്റെ മരണത്തോടാണ് ഇരുവരുടെയും മരണത്തെ ആളുകൾ ഉപമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here