തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നടപടി അത്യപൂർവം
തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ അത്യപൂർവ നടപടിയുമായി മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതാണ് കാരണം.
അതേസമയം, കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ അറിയിച്ചിരുന്നു. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയെ അറിയിക്കും. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ കോടതിയുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്‌സും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവന്നു. സംഭവത്തിൽ സാത്താങ്കുളം ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്തു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ജയരാജന്റേയും ബെനിക്‌സിന്റേയും ബന്ധുക്കൾ രംഗത്തെത്തി. നടന്നത് കൂട്ടായ ആക്രമണമാണെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടി. അമിതമായി രക്തസ്രാവം ഉണ്ടായതോടെ കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്‌സ് സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോപണമുണ്ട്.
Story Highlights- hc orders revenue dept to take sathankulam police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here