കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ഇപ്പോള്‍ മിണ്ടുന്നില്ല: മുഖ്യമന്ത്രി

കിഫ്ബി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും ഉഡായിപ്പുമാണ് എന്നെല്ലാം പ്രതിപക്ഷ നേതാവ് പല വേദികളിലും പറഞ്ഞു. എന്നാലിപ്പോള്‍ പ്രഖ്യാപിത ലക്ഷ്യവും പിന്നിട്ട് 56,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിക്കഴിഞ്ഞത്. ഇതില്‍ 18,500 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. അതില്‍ തന്നെ 16,000 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു. അംഗീകരിച്ച പദ്ധതികളില്‍ 5400 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ നിയോജക മണ്ഡലങ്ങളിലും അഞ്ചു കോടി രൂപ വീതം ചെലവഴിച്ച് ഓരോ സ്‌കൂളുകള്‍ രാജ്യാന്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയ ഈ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ വിദ്യാലയങ്ങളെ സജ്ജമാക്കാന്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തിലെ 45000 ക്ലാസ് റൂമുകളാണ് ഹൈടെക് ആക്കി മാറ്റിയത്. 11,000 എല്‍പി, യുപി സ്‌കൂളുകളും ആധുനികവത്കരിച്ചു.
ഇരുപത്തഞ്ചോളം ആശുപത്രികളില്‍ 2200 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. ഇതില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയുടെ വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. നാളിതുവരെയുണ്ടാകാത്ത വിധം വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിന് 14000 കോടി രൂപ വകയിരുത്തി. ഇതില്‍ 977 കോടി രുപ ചിലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ വിലയായ 434 കോടി രൂപ ആദ്യ നിക്ഷേപ സംരംഭകരായ ബിപിസിഎല്‍ മുതല്‍മുടക്കിക്കഴിഞ്ഞു.
കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണോ ഉഡായിപ്പാണോ ഇതെല്ലാമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പ്രതിപക്ഷ നേതാവ് തിരുത്തിപ്പറയണമെന്നൊന്നും ഇവിടെ പറയുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ഗുണം അനുഭവിക്കുന്നുണ്ടല്ലൊയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: kiifb talk cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here