ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച് മാഴ്സലീഞ്ഞോ

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച് ഐഎസ്എൽ സൂപ്പർ താരം മാഴ്സലീഞ്ഞോ. ഹൈദരാബാദ് എഫ്സിയുമായി പിരിഞ്ഞ താരം പുതിയ ക്ലബിനായുള്ള തിരച്ചിലിലാണ്. ഇതിനിടെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ, താരത്തിന് ഉടൻ മറുപടി നൽകേണ്ടെന്നാണ് ക്ലബ് മാനേജ്മെൻ്റിൻ്റെ നിലപാട്.
പണമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ പ്രശ്നം. സീസണിൽ രണ്ട് കോടി രൂപയ്ക്ക് മുകളിലാണ് താരത്തിൻ്റെ ശമ്പളം. എന്നാൽ, അത്ര നൽകാൻ മാനേജ്മെൻ്റ് ഒരുക്കമല്ല. കൊവിഡ് പശ്ചാത്തലത്തിൽ വിദേശ താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന തീരുമാനം ഉള്ളതു കൊണ്ട് തന്നെ രണ്ട് കോടി രൂപ കൊടുത്ത് മാഴ്സലീഞ്ഞോയെ ക്ലബിൽ എത്തിക്കേണ്ടതില്ല എന്നാണ് പരിശീലകൻ കിബു വിക്കൂനയുടെയും നിലപാട്. അതിലും കുറഞ്ഞ ഒരു തുകയ്ക്ക് വരാൻ താരം ഒരുക്കമാണോ എന്നാണ് ക്ലബ് നോക്കുന്നത്. കുറച്ചു നാൾ കാത്തിരുന്നാൽ താരം പ്രതിഫലത്തുക കുറച്ചേക്കുമെന്ന് ടീം മാനേജ്മെൻ്റ് കണക്കു കൂട്ടുന്നു.
Read Also: ഹോം ഗ്രൗണ്ട് മാറില്ല; കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തുടരും
എന്നാൽ, ബ്രസീൽ താരത്തെ സ്വന്തമാക്കാൻ ഒഡീഷ എഫ്സി രംഗത്തുണ്ട് എന്നത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാണ്. ഒഡീഷ എഫ്സിക്ക് മുൻപുണ്ടായിരുന്ന ഡൽഹി ഡൈനാമോസിലൂടെ ഐഎസ്എല്ലിലെത്തിയ മാഴ്സലീഞ്ഞോയെ ക്ലബിൽ എത്തിക്കാനായി അവരും പരിശ്രമിക്കുകയാണ്. പണമെറിയാൻ ഒഡീഷ തയ്യാറാണെന്നാണ് വിവരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡും താരത്തെ നോട്ടമിടുന്നുണ്ട്.
32കാരനായ താരം ബ്രസീലിലെ ഫ്ലമെംഗോ ക്ലബിലൂടെയാണ് കളി തുടങ്ങിയത്. അത്‌ലറ്റിക്കോ മാഡ്രിഡ്, ഗെറ്റാഫെ തുടങ്ങിയ വമ്പൻ സ്പാനിഷ് ക്ലബുകളിലും ബൂട്ടണിഞ്ഞ താരം ഡൽഹി ഡൈനാമോസ്, പുണെ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ഐഎസ്എൽ ടീമുകളിലും കളിച്ചു. ആകെ 59 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് 30 ഗോളുകളും 17 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: Marcelinho wants to join Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here