ചൈനയുടെ ചരക്കുകൾ തുറമുഖങ്ങളിൽ തടഞ്ഞു വയ്ക്കുന്നത് ബാധിക്കുക ഇന്ത്യയെ: നിതിൻ ഗഡ്ക്കരി

ചൈനയിൽ നിന്നെത്തിയ ചരക്കുകൾ പിടിച്ചുവയ്ക്കുന്നത് ദോഷംചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. ചൈന ഉത്പാദിപ്പിച്ച വസ്തുക്കൾ ബഹിഷ്‌കരിക്കണമെന്നായിരുന്ന കേന്ദ്ര സർക്കാർ ആഹ്വാനം. ഇതേതുടർന്നാണ് ചരക്കുകൾ തുറമുഖങ്ങളിൽ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാതെ കെട്ടിക്കിടക്കുന്നത്.
വ്യവസായികളും കർഷകരും നിതിൻ ഗഡ്കരിയെ ഇക്കാര്യത്തിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കൂടുതൽ ഉത്പന്നങ്ങൾ ഫാർമസ്യൂട്ടിക്കൽസ്, കീടനാശിനി, ഇലക്ട്രോണിക്‌സ് തുടങ്ങിയവയാണ്. ഈ ചരക്കുകൾ ദിവസങ്ങളായി കെട്ടിക്കിടക്കുന്നു. ധനകാര്യ മന്ത്രി നിർമലാ സീതാരാമനും വ്യവസായ മന്ത്രി പീയുഷ് ഗോയലിനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഗഡ്ക്കരി കത്തയച്ചു.
ഇങ്ങനെ ചരക്കുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ബാധിക്കുക രാജ്യത്തെ തന്നെയാണെന്ന് ഗഡ്ക്കരി വ്യക്തമാക്കി. ഇറക്കുമതി കുറയ്ക്കുവാനാണെങ്കിൽ കൂടുതൽ നികുതി ചുമത്തുകയാണ് വേണ്ടതെന്നും അല്ലാതെ ഇറക്കുമതി ചെയ്തത് അനാവശ്യമായി തടഞ്ഞുവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ഗഡ്ക്കരി. ഇന്ത്യയിലെ വ്യവസായികളെ തന്നെയാണ് ഇത് ദോഷകരമായി ബാധിക്കുകയെന്ന് ഗഡ്കരി കത്തിൽ ചൂണ്ടിക്കാട്ടി. നേരത്തെ നിരവധി ബിജെപി നേതാക്കളാണ് ചൈനീസ് ഉത്പന്ന ബഹിഷ്‌കരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നത്.
nithin gadkari, india- china issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here