നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കും: ജോസ് കെ മാണി

jose k mani

യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ജോസ് കെ മാണി എംപി. രണ്ട് ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്ന് അംഗീകരിക്കുന്നതാണ് ധാരണ. ഒരു ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം മറുവശം അംഗീകരിക്കാതെ വരുമ്പോള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ധാരണയെന്ന് പറയാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ മാണി.

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേരാത്രി കൂടെനിന്ന രണ്ടുപേര്‍ കാലുമാറി. അവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. നിതീയുടെ പ്രശ്‌നമാണ് ഇത്. ധാരണയുടെ കാര്യമാണ് മുന്നണി മുന്നോട്ടുവയ്ക്കുന്നതെങ്കില്‍ 1000 പ്രാവശ്യമെങ്കിലും പി ജെ ജോസഫിനെ പുറത്താക്കേണ്ടതുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിനെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പി ജെ ജോസഫ് നടത്തി. എന്നിട്ട് നടപടിയെടുത്തോ…?

ഒരു പ്രവാശ്യമെങ്കിലും ചര്‍ച്ച നടത്തിയോ. ധാരണയും കരാറും എന്നു പറയുമ്പോള്‍ എല്ലാവര്‍ക്കും അത് ബാധകമാണ്. സെലക്ടീവ് ആയിട്ടുള്ള ജസ്റ്റീസ് ആണ് നടപ്പിലാക്കുന്നത്. ചില ധാരണകളും പരാമര്‍ശങ്ങളും ബോധപൂര്‍വം മറന്നുപോകുന്നു. നിരന്തരമായി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന പരാമര്‍ശങ്ങളുമായി പി ജെ ജോസഫ് എത്തി. പാലായിലെ തെരഞ്ഞെടുപ്പും അകലക്കുന്നത്തെ ഉപതെരഞ്ഞെടുപ്പും വന്നപ്പോഴെല്ലാം ഇത്തരം പരാമര്‍ശം നടത്തി.

അപ്പോഴെല്ലാം യുഡിഎഫ് പറയുന്നത് മനസാക്ഷിക്ക് വോട്ട് ചെയ്യാനാണ്. അനീതി ചെയ്തിട്ടാണ് യുഡിഎഫ് ഇങ്ങനെ പറയുന്നത്. പാലായില്‍ നടന്നതുപോലെ മറ്റൊരിടത്തും നടക്കരുത്. ബോധപൂര്‍വമായുള്ള രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നത്. അവൈലബിള്‍ സ്റ്റിയറിംഗ് കമ്മിറ്റി നാളെ രാവിലെ 10.30 ന് ചേരും. അതിനു ശേഷം മറ്റ് രാഷ്ട്രീയ തീരുമാനങ്ങളുമായി മുന്നോട്ടുപോകും. കേരളകോണ്‍ഗ്രസ് ആരുടെ കീഴിലും അടയറവ് പറയില്ല. ഇത് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ മാത്രം പ്രശ്‌നമല്ല. നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് രാജിവയ്ക്കണമെന്നാണ് പറയുന്നത്. പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു.

Story Highlights: Political decisions, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top