കഞ്ഞിപ്പുരകള്‍ അടഞ്ഞ് തന്നെ; പാചക തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയില്‍

കൊവിഡും ലോക്ക്ഡൗണും കാരണം ഉപജീവനം മുടങ്ങിയവര്‍ ഏറെയാണ്. രോഗവ്യാപനം തടയാനായി സ്‌കൂളുകള്‍ അടഞ്ഞ് തന്നെ കിടന്നപ്പോള്‍ അന്നം മുടങ്ങിയത് സ്‌കൂളുകളിലെ പാചക തൊഴിലാളികളുടെതാണ്. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന അവധിക്കാല അലവന്‍സുള്‍പ്പെടെ മുടങ്ങിയതോടെ പല ജീവിതങ്ങളും ദുരിതത്തിലായി.

കാസര്‍ഗോഡ് ടൗണ്‍ യു പി സ്‌കൂളിലെ പാചക തൊഴിലാളിയായ രത്‌നകുമാരിക്ക് ഇത് വറുതിയുടെ കാലമാണ്. ബീഡി തെറുത്ത് ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഇവര്‍. കഴിഞ്ഞ അധ്യായന വര്‍ഷം വരെ ദിവസവും 515 കുട്ടികള്‍ക്ക് വീതം ഭക്ഷണമുണ്ടാക്കിയ ആളാണ് കാസര്‍ഗോഡ് മീപ്പുഗിരിയിലെ രത്‌നകുമാരി. ടൗണ്‍ യു പി സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. ജീവിത വഴിയില്‍ മുന്നോട്ട് നീങ്ങാന്‍ രത്‌നകുമാരിക്ക് ഏക ആശ്രയമായിരുന്നു ഇത്. കൊവിഡിനു പിന്നാലെ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന അവധിക്കാല അലവന്‍സും സംസ്ഥാനത്തെ പാചക തൊഴിലാളികള്‍ക്ക് കിട്ടാതായി. ഇതോടെ രത്‌നകുമാരിയുടെ ജീവിതമാര്‍ഗം പൂര്‍ണമായും അടഞ്ഞു. പട്ടിണി കിടക്കാതിരിക്കാനായി ഇന്ന് ബീഡി തെറുത്ത് ജീവിക്കുകയാണ്.

അവധിക്കാലത്ത് കിട്ടുന്ന അലവന്‍സും ഇത്തവണ കിട്ടിയിട്ടില്ല. ഇപ്പോള്‍ ഒരു വരുമാനവുമില്ലാത്ത അവസ്ഥയാണ്. കുടിശിക എങ്കിലും കിട്ടിയാല്‍ കുടുംബശ്രീയിലേത് ഉള്‍പ്പെടെ കടങ്ങള്‍ വീട്ടാമായിരുന്നു. നിവര്‍ത്തിയില്ലാത്തത് കൊണ്ട് ബീഡി തെറുക്കുകയാണിപ്പോളെന്ന് രത്‌നകുമാരി പറയുന്നു. 12 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. 10-ാം ക്ലാസ് കഴിഞ്ഞ മകന്റെ വിദ്യാഭ്യാസവും ഇന്ന് ഇവര്‍ക്കു മുന്നില്‍ വെല്ലുവിളായാണ്. സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്നും ഇവര്‍ക്ക് ബോധ്യമുണ്ട്. പക്ഷേ കുട്ടികള്‍ക്ക് അന്നം വിളമ്പിയവര്‍ അത്രയും കാലം പട്ടിണി കിടക്കേണ്ടി വരുമോ എന്ന ആശങ്കയിലാണിന്ന്. സ്‌കൂള്‍ തുറന്ന് കഞ്ഞിപ്പുരകള്‍ സജീവമാകും വരെ ഇവരുടെ ജീവിത വഴികളും അടയരുത്. അതിന് സര്‍ക്കാരിന്റെ ഇടപെടലാണ് പാചക തൊഴിലാളികള്‍ ആഗ്രഹിക്കുന്നതും.

 

 

Story Highlights:  covid19, Culinary workers’ lives in crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top