പൊന്നാനിയിൽ സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ജുലൈ ആറ് വരെ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. ഐജി അശോക് യാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് താലൂക്കിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കുക.
കടുത്ത നിയന്ത്രണങ്ങൾ ആണ് താലൂക്കിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെയുള്ള യാത്ര അനുവദിക്കില്ല. ദേശീയ പാതയിലൂടെയുള്ള യാത്ര അനുവദനീയമാണെങ്കിലും പൊന്നാനി താലൂക്കിൽ ഒരിടത്തും വാഹനങ്ങൾ നിർത്താൻ പാടില്ല. ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
പാലക്കാട് ജില്ലയിലേക്കുള്ള പ്രവേശനവും നിയന്ത്രിതമായിരിക്കും. മേഖലയിൽ പൊലീസിന്റെ ഡ്രോൺ കാമറ നിരീക്ഷണവും ഏർപ്പെടുത്തും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 4 ഡിവൈഎസ്പിമാരും അഞ്ചു സിഐമാരും മേഖലയിൽ ക്യാമ്പ് ചെയ്ത് സ്ഥിഗതികൾ വിലയിരുത്തും. പ്രദേശത്തെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.
Read Also: കൊവിഡ് പശ്ചാത്തലത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍
ഇന്നലെ 13 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് ആശ്വാസം. ചികിത്സയിലായിരുന്ന ഏഴ് പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ നിലവിൽ 235 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൂടുതൽ കൊവിഡ് ടെസ്റ്റുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സമ്പൂർണ ലോക്ക് ഡൗണിന് പുറമെ എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായി ടെസ്റ്റുകൾ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ponnani, lock down starts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here