ബസ് ചാർജ് വർധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ബസ് ചാർജ് വർധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലത്ത് ബസ് നിരക്ക് എത്രയായിരിക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തത്. മറ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നേരത്തേയുള്ള മിനിമം ചാർജ് 8 രൂപ എന്നത് പത്ത് രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തത്. രണ്ടര കിലോമീറ്റർ ദൂരത്തിന് പത്ത് രൂപയും തുടർന്നുള്ള രണ്ട് കിലോമീറ്ററിന് പന്ത്രണ്ട് രൂപയും ഈടാക്കമെന്നും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ മിനിമം ചാർജിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. മിനിമം ചാർജ് ദൂരപരിധി രണ്ടര കിലോമീറ്ററായി കുറച്ചു. ആദ്യത്തെ രണ്ടര കിലോമീറ്ററിന് എട്ട് രൂപ ഈടാക്കും. തുടർന്നുള്ള രണ്ടര കിലോമീറ്ററിന് പത്ത് രൂപയായിരിക്കും. കെഎസ്ആർടിസി ഓർഡിനറി ബസുകൾക്കും നിരക്കുകൾ ബാധകമായിരിക്കും. സൂപ്പർക്ലാസ് ബസുകളിൽ മിനിമം നിരക്കും കിലോമീറ്റർ നിരക്കും 25 ശതമാനം കൂടും. രണ്ട് ദിവസത്തിനകം പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ സ്‌കൂളുകൾ അടച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
read also: സംസ്ഥാനത്ത് ബസ് ചാർജ് വർധന
എല്ലാ വിഭാഗങ്ങൾക്കും കമ്മീഷന്റെ മുന്നിൽ ഹാജരായി അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാകണം. ഇക്കഴിഞ്ഞ മാർച്ച് മാസം മുതൽ അതിനുള്ള സാഹചര്യമുണ്ടായില്ല. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ സാധിച്ചില്ല. ഇതുകൂടി പരിഗണിച്ച് കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
story highlights- a k saseendran, bus charge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here