ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് താരമായ ദേവു ചന്ദനയുടെ അച്ഛൻ മരിച്ച നിലയിൽ

ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സമൂഹമാധ്യമങ്ങളിൽ താരമായ ദേവു ചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ബി. ചന്ദ്രബാബുവാണ് മരിച്ചത്. ഗുരുതരരോഗ ബാധയെത്തുടർന്ന് ദേവു ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയുടെ വളപ്പിലായിരുന്നു മരണം.
തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന ഗുരുതര രോഗത്തിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ് ഒൻപത് വയസുകാരി ദേവുചന്ദന. ഇന്നലെ രാത്രി തീവ്ര പരിചരണവിഭാഗത്തിൽ കഴിയുന്ന കുഞ്ഞിനെ കണ്ടിറങ്ങിയ ശേഷമായിരുന്നു അച്ഛൻ ചന്ദ്രബാബുവിന്റെ മരണം. ആശുപത്രിയുടെ പിന്നിലെ നഴ്സിംഗ് ഹോസ്റ്റലിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ദേവുവിന്റെ ചികിത്സാ ചെലവുകൾ താങ്ങാൻ പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബുവിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ, സുമനസുകളുടെ സഹായം എത്തിത്തുടങ്ങിയിരുന്നു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലായിരുന്നു. ഇത് ചന്ദ്രബാബുവിനെ സമ്മർദത്തിലാക്കിയതാണ് മരണകാരണമെന്നാണ് അനുമാനം. ദേവുവിന്റെ ഇളയ അനുജത്തി ഒരു വർഷം മുൻപ് ജനിച്ചയുടൻ മരിച്ചിരുന്നു. ഇളയമകൾ നഷ്ടമായ വേദനയ്ക്കിടെയായിരുന്നു ദേവുവിനെ തേടി ഗുരുതരരോഗമെത്തിയത്.
read also: കൊച്ചി ബ്ലാക്ക് മെയിൽ കേസ്; ഷംന കാസിം പ്രതിയുമായി നിരവധി തവണ ഫോണിൽ സംസാരിച്ചു
ആലപ്പുഴ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ചാണ് ദേവു സോഷ്യൽ മീഡിയിൽ താരമായത്. പിന്നീട് ഫ്ളവേഴ്സിന്റെ കോമഡി ഉത്സവവേദിയിലുമെത്തി. കുഞ്ഞിന് പെട്ടന്നുണ്ടായ ഗുരുതര രോഗബാധയുടെ ഞെട്ടൽ മാറും മുൻപാണ് അച്ഛന്റെ വിയോഗം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം വന്നശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
story highlights- devu chandana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here